തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നതിനിടെ വിശദീകരണവുമായി നോർക്ക വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ. അനിത പുല്ലയിലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നുമാണ് ശ്രീരാമകൃഷ്ണൻ പറയുന്നത്. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് അനിതാ പുല്ലയിൽ എത്തിയത്. പ്രതിനിധി പട്ടികയിൽ പേര് ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും ഇവർ സജീവമായിരുന്നു. സഭാസമ്മേളനം കഴിഞ്ഞ് മാദ്ധ്യമങ്ങൾ ചുറ്റും കൂടിയതോടെ നിയമസഭയുടെ വാച്ച് ആന്റ് വാർഡ് ഇവരെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു. പ്രതിനിധി ലിസ്റ്റിൽ ഇല്ലാതെ ഇവർ എത്തിയതും, മാദ്ധ്യമങ്ങളിൽ നിന്നും വിവരം മറച്ചതും പല സംശയങ്ങളും ഉണർത്തുകയാണ്.
സർക്കാറിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുകൾ ഉണ്ടാവാതെ അതീവസുരക്ഷാ മേഖലയായ നിയമസഭയിൽ ഇവർ ഇങ്ങനെ എത്തും എന്ന സംശയമാണ് ഉയരുന്നത്. അനിതയെ മാദ്ധ്യമങ്ങളുടെ മുന്നിൽ നിന്നും ഒളിപ്പിക്കാൻ നിയമസഭ വാച്ചർമാർ നടത്തിയ പരിശ്രമവും സംശയങ്ങൾ ഉയർത്തുകയാണ്.
ഈ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് മാർഷൽ വ്യക്തമാക്കി. ഓപ്പൺ ഫോറത്തിന്റെ പാസിൽ കടന്നുകൂടിയതാകാം എന്നാണ് പ്രാഥമികനിഗമനം. എന്നാൽ പ്രതിനിധികളുടെ പട്ടിക നോർക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
















Comments