അസം: അസമിൽ വെള്ളപ്പൊക്കത്തിൽ രണ്ട് പോലീസുകാർ ഒഴുക്കിൽപ്പെട്ടു. അസമിലെ നാഗോൺ ജില്ലയിൽ കാമ്പൂർ മേഖലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. കാമ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു സംഘം പോലീസുകാർ കേസന്വേഷണത്തിന്റെ ഭാഗമായി പോയതായിരുന്നുവെന്നും ഇവർ വെള്ളപ്പൊക്കത്തിൽ അകപ്പെടുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒരു കോൺസ്റ്റബിളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാമ്പൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജ്ജ് ആയിരുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കണ്ടെത്താൻ കഴിയാത്തത്. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട്, ഫയർ ആൻഡ് എമർജൻസി സർവീസസ്, പോലീസിന്റെ ഒരു വലിയ സംഘം തിരച്ചിലുകൾ നടത്തുകയാണ്. മരണപ്പെട്ടത് റജിബ് ബൊർദോലോയ് എന്ന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞു. സമുജ്ജൽ കകതി എന്ന ഉദ്യോഗസ്ഥന് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്.
അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. 33 ജില്ലകളിൽ ഏകദേശം 42 ലക്ഷത്തിലധികം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് സർക്കാർ അറിയിക്കുന്നത്. അസമിലെ കച്ചാർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്നലെ രാത്രി രണ്ട് പേർ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഈ വർഷം ഇതുവരെ മരിച്ചത് 70-ലധികം പേരാണ്.
















Comments