ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാൽകൃഷ്ണ ഗാന്ധി. തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്നും, എന്നാൽ തന്നേക്കാൾ യോഗ്യരായ മറ്റുള്ളവർ ആ സ്ഥാനം അർഹിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, പ്രതിപക്ഷ സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ഗോപാൽകൃഷ്ണ ഗാന്ധിയും ക്ഷണം നിരസിച്ചതോടെ പ്രതിപക്ഷം അങ്കലാപ്പിലായിരിക്കുകയാണ്. മമത ബാനർജിയും ഇടത് പക്ഷവുമായിരുന്നു ഗോപാൽകൃഷ്ണ ഗാന്ധിക്ക് വേണ്ടി ഏറ്റവും ശക്തമായി രംഗത്ത് വന്നിരുന്നത്.
അതേസമയം രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള യോഗം പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച വിളിച്ചു ചേർത്തിട്ടുണ്ട്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ യോഗം കഴിഞ്ഞയാഴ്ച, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ കാര്യമായ തീരുമാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. യോഗം പരാജയമായിരുന്നു എന്നതിന്റെ തെളിവായാണ്, പ്രതിപക്ഷം സമീപിച്ച മൂന്ന് നേതാക്കളും പിന്മാറിയതിനെ രാഷ്‌ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.
പശ്ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമാണ് ഗോപാൽകൃഷ്ണ ഗാന്ധി. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. 21നാണ് വോട്ടെണ്ണൽ.
















Comments