വഡോദര: വഡോദരയിൽ സമാപിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സാക്ഷ്യം വഹിച്ചത് ഒരു 105 വയസ്സുകാരിയുടെ ചുറുചുറുക്കിനാണ്. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ഓപ്പൺ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടം വെറും 45.40 സെക്കൻ്റിൽ പൂർത്തിയാക്കി കൈയ്യടി നേടിയിരിക്കുകയാണ് 105 വയസ്സുകാരിയായ രംഭായി. 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിലൂടെ രണ്ട് സ്വർണ്ണ മെഡലുകളാണ് ഈ മുത്തശ്ശി നേടിയെടുത്തിരിക്കുന്നത്. 85 വയസ്സിന് മുകളിൽ മത്സരിക്കാൻ എതിരാളികൾ ഇല്ലാത്തതിനാൽ ഒറ്റയ്‌ക്കാണ് മുത്തശ്ശി ട്രാക്കിൽ തന്റെ യുവത്വം കാട്ടിയത്. ഇതോടെ തകർന്നത് നാരി ശക്തിയുടെ മറ്റൊരു രൂപമായ മാൻ കൗറിന്റെ റെക്കോർഡാണ്. 100 മീറ്റർ 74 സെക്കൻ്റിലാണ് മാൻ കൗർ പൂർത്തിയാക്കിയിരുന്നത്.
തനിക്ക് സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇനിയും മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും മെഡൽ സ്വന്തമാക്കിയതിന് ശേഷം കണ്ണീരോടെ രംഭായി പറഞ്ഞു. തന്റെ അടുത്ത ലക്ഷ്യം രാജ്യത്തിന് പുറത്ത് അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ തിളങ്ങണമെന്നാണെന്നും അതിനായുള്ള ഒരുക്കത്തിലാണെന്നും പതിനേഴുകാരിയുടെ ചുറുചുറുക്കോടെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതിന് വേണ്ടി പാസ് പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് ചെറുപ്പകാലത്ത് മത്സരിക്കാതിരുന്നത് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് വളരെയധികം ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് തനിക്കാരും അവസരം നൽകിയില്ല എന്നുമാണ് രംഭായി പറഞ്ഞത്.
രാംഭായിയുടെ കൊച്ചുമകളും മത്സര രംഗത്ത് ഉണ്ടായിരുന്നു. തന്റെ മുത്തശ്ശിയുടെ നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഷർമിള സാങ്‌വാൻ പ്രതികരിച്ചു. കഴിഞ്ഞ നവംബറിലാണ് മുത്തശ്ശി ആദ്യമായി മത്സരിച്ചതെന്നും മഹാരാഷ്‌ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ടെന്നും കൊച്ചുമകൾ പറഞ്ഞു. ഗ്രാമത്തിലെ വയലുകളിൽ എല്ലാ ദിവസവും മുടങ്ങാതെ മുത്തശ്ശി സ്ഥിരമായി ഓടുമെന്നും ഷർമിള സാങ്‌വാൻ മുത്തശ്ശിയെ ചേർത്ത് പിടിച്ച് സന്തോഷത്തോടെ പറഞ്ഞു. 1917 ജനുവരി 1 നാണ് രാംഭായി ജനിച്ചത്. 105 വയസ്സ് പിന്നിടുമ്പോഴും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ മനസ്സിന്റെ കരുത്തുകൊണ്ട് നേരിട്ട് കൈയ്യടി നേടുകയാണ് ഈ സൂപ്പർ മുത്തശ്ശി.
Comments