ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ അഗ്നിപഥിനെ പ്രകീർത്തിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. പദ്ധതി വ്യാവസായിക മേഖലയ്‌ക്ക് വളരെയേറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ കഴിവ് ടാറ്റാ ഗ്രൂപ്പ് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾക്ക് രാജ്യത്തെ സേവിക്കാൻ അവസരമൊരുക്കുന്നു എന്നത് മാത്രമല്ല അഗ്നിപഥ് പദ്ധതിയുടെ ഗുണം. മറിച്ച് ചിട്ടയും, പരിശീലനം നേടിയതുമായി ഒരു യുവ തലമുറയെ പദ്ധതി വ്യാവസായിക മേഖലയ്‌ക്ക് നൽകുന്നു. ടാറ്റ ഗ്രൂപ്പ് പോലെ ഇന്ത്യയിൽ വ്യാപിച്ചു കിടക്കുന്ന നിരവധി വ്യാവസായിക സ്ഥാപനങ്ങളിൽ ഇവർക്ക് പങ്കുചേരാമെന്നും അദ്ദേഹം വ്യക്തമാക്കി.
അഗ്നീവീരന്മാരുടെ കഴിവിനെ ടാറ്റാ ഗ്രൂപ്പ് അംഗീകരിക്കുന്നു. ഇവർക്കായി ലഭിച്ചിരിക്കുന്ന ഈ സുവർണാവസരത്തെ ടാറ്റാ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നുവെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യത്തെ പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ഹർഷ് ഗോയെങ്ക, കിരൺ മസൂംദാർ, സംഗീത റെഡ്ഡി എന്നിവർ അഗ്നിപഥ് പദ്ധതിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരനും രംഗത്തുവന്നത്. കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീരന്മാരെ വ്യവസായ മേഖലയിൽ കാത്തിരിക്കുന്നത് വലിയ അവസരമാണെന്നാണ് പ്രമുഖ വ്യവസായികളുടെ പിന്തുണ വ്യക്തമാക്കുന്നത്.
















Comments