അക്ഷയ് കുമാർ നായകാനാവുന്ന രക്ഷാബന്ധൻ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദ് എല്‍. റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വർഷം ഓഗസ്റ്റ് 11 രക്ഷാബന്ധൻ ദിനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സഹോദര സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. അവരുടെ വിവാഹ ശേഷം മാത്രം തന്റെ വിവാഹം നടന്നാൽ മതിയെന്ന് തീരുമാനിച്ചിരിക്കുന്ന സഹോദര കഥാപാത്രമാണ് അക്ഷയുടേത്.
അക്ഷയ് കുമാറിന്റെ കഥാപാത്രം ബാല്യകാല സഖിയുമായി പ്രണയത്തിലാണ്. എന്നാൽ തന്റെ പ്രധാന ഉത്തരവാദിത്വം സഹോദരിമാർക്ക് തണലാവുക എന്നതാണ്. അവരുടെ വിവാഹം നടന്നതിന് ശേഷം മാത്രം തന്റെ വിവാഹം നടന്നാൽ മതിയെന്ന് വെയ്‌ക്കുകയാണ് ചിത്രത്തിൽ അക്ഷയ് കുമാറിന്റെ കഥാപാത്രം. അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് ഭൂമി പട്നേകർ ആണ്.
“ചിലപ്പോൾ ഒരു സഹോദരനാകുന്നത് ഒരു സൂപ്പർഹീറോ ആകുന്നതിനേക്കാൾ വലുതാണ്” എന്ന വാക്കുകളോടെയാണ് ട്രെയിലറിൽ ആരംഭിക്കുന്നത്. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍. റായ്. സിനിമയുടെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും കഥ കേട്ട് വളരെ പെട്ടന്ന് ചെയ്യണമെന്ന് തീരുമാനിച്ച ചിത്രമാണ് രക്ഷാബന്ധൻ എന്നും അക്ഷയ് കുമാർ മുമ്പ് പറഞ്ഞിരുന്നു. അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനി സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാകുന്നുണ്ട്.
Comments