ആലപ്പുഴ: ശബരിമല അയ്യപ്പന്റെ വിശ്വപ്രസിദ്ധ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ മകൾ എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് ബാലാമണിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായിരുന്നു. ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അന്തരിച്ചത്. ബാലാമണിയമ്മയുടെ അന്തിമോപചാരച്ചടങ്ങിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പങ്കെടുത്തു.
1923 ലാണ് അമ്മ ജാനകിയമ്മ ‘ഹരിവരാസനം’ രചിച്ചത്. അടുത്ത വർഷം ‘ഹരിവരാസനം’ ശതാബ്ദി ആഘോഷിക്കുന്നതിനുള്ള ഒരുക്കം നടക്കുകയായിരുന്നു. ഗാനരചനയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് അന്ത്യം സംഭവിച്ചത്. അയ്യപ്പ സമ്മേളനങ്ങളിൽ നിത്യ സാന്നിധ്യമായിരുന്നു ബാലാമണിയമ്മ.
എന്നും സ്നേഹവും സൗഹൃദവും വാത്സല്യവും ഏവർക്കും നൽകി അനുഗ്രഹിച്ച അമ്മയുടെ സ്മരണയ്‌ക്ക് മുന്നിൽ അനന്തകോടി പ്രണാമം അർപ്പിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പരേതനായ സി.ആർ.സുകുമാരപ്പണിക്കരാണ് ബാലാമണിയമ്മയുടെ ഭർത്താവ്. ശ്രീകുമാർ, ഗായത്രി, ഗോപകുമാർ, പരേതനായ ഹരികുമാർ എന്നിവരാണ് മക്കൾ.
















Comments