വിവാദ ഇടനിലക്കാരൻ ഷാജ് കിരണുമായി ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് ബന്ധമുണ്ടെന്ന മാതൃഭൂമി വാർത്തയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ആയിരത്തിലധികം പേർ പങ്കെടുത്ത ഒരു ചടങ്ങിൽ ഷാജ് കിരണിനെയും കണ്ടുവെന്ന പരിചയം മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയ സന്ദീപ് വാര്യർ ഷാജുമായി തനിക്ക് ബന്ധമുണ്ടെന്ന മാതൃഭൂമി ചാനൽ വാർത്ത തളളി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജെപി വക്താവിന്റെ പ്രതികരണം.
”കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരൺ മാദ്ധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത്. മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു. അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരൺ ആ ഫോട്ടോയിൽ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റും?” സന്ദീപ് വാര്യർ ചോദിച്ചു.
സന്ദീപ് വാര്യർ പങ്കെടുത്ത ചടങ്ങിൽ ഷാജ് കിരൺ എത്തിയതും ഇരുവരും തമ്മിലുള്ള ചിത്രങ്ങളും പുറത്തുവിട്ടായിരുന്നു മാതൃഭൂമി ന്യൂസ് വാർത്ത നൽകിയത്. ബിജെപിക്ക് ഷാജ് കിരണുമായി ബന്ധമുണ്ടെന്ന അവകാശവാദവും വാർത്തയിലൂടെ മാതൃഭൂമി ന്യൂസ് ഉന്നയിച്ചു. എന്നാൽ വിഷയത്തിൽ തന്റെ പ്രതികരണം പോലും ആരായാതെ തന്റെ പ്രതിച്ഛായ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ കൊടുത്ത മാതൃഭൂമി വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
കൂടാതെ ഷാജ് കിരൺ തട്ടിപ്പുകാരനാണെന്ന് കാണിച്ച് തന്റെ സുഹൃത്ത് രജിത്ത് എഡിജിപി വിജിലൻസിന് ഇ-മെയിൽ വഴി പരാതി നൽകിയരുന്നതായി സന്ദീപ് വാര്യർ അറിയിച്ചു. നാല് മാസം മുമ്പ് തന്നെ പരാതി നൽകിയിരുന്നു. പോലീസ് നടപടി എടുത്തിരുന്നെങ്കിൽ ഷാജ് കിരൺ അന്നുതന്നെ അകത്തായേനെയെന്നും സന്ദീപ് വാര്യർ വിശദീകരിച്ചു. ഒപ്പം ഇ-മെയിൽ വഴി നൽകിയ പരാതിയുടെ പകർപ്പും സന്ദീപ് വാര്യർ പങ്കുവെച്ചു.
ബിജെപി പ്രവർത്തകർക്കിടയിൽ തന്നോടുള്ള സ്‌നേഹവും വിശ്വാസവും തകർക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് മാതൃഭൂമി വാർത്ത ചെയ്തതെന്നും നിരവധി മുതിർന്ന രാഷ്‌ട്രീയ പ്രവർത്തകർക്കൊപ്പം ഷാജ് കിരണിന്റെ ഫോട്ടോകൾ ഉണ്ടായിട്ടും തന്റെ ഫോട്ടോ മാത്രമെടുത്ത് വ്യാജ വാർത്ത ചമയ്‌ക്കുന്നത് തോന്ന്യവാസമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഷാജുമായുള്ള ഫോട്ടോ സംബന്ധിച്ച് തന്റെ പ്രതികരണം പോലും ആദ്യം ഉൾപ്പെടുത്താതെ വാർത്ത നൽകിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സന്ദീപ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഷാജി കിരൺ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോൻ. മാതൃഭുമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും.
കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരൺ എന്ന മാധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത്. മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു.
ആ ഫോട്ടോയിൽ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരൺ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റും ?
ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരൻ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ് . ഉണ്ടെങ്കിൽ തെളിവ് സഹിതം വാർത്ത പൊളിയുമായിരുന്നു.
എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരൺ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലൻസിന് ഇ മെയിൽ വഴി പരാതി നൽകിയത് സ്ക്രീൻ ഷോട്ട് പുറത്തു വിടുന്നു. അന്ന് ആ പരാതിയിൽ പോലീസ് നടപടി എടുത്തിരുന്നെങ്കിൽ ഷാജ് കിരൺ അന്നേ അകത്തായേനെ.
ഷാജ് കിരൺ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളിൽ പോലും പറഞ്ഞിട്ടുമില്ല. കുറെ കാലമായി എനിക്കെതിരെ വാർത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകൻ ബിജെപി പ്രവർത്തകർക്കിടയിൽ എന്നോടുള്ള സ്നേഹവും വിശ്വാസവും തകർക്കാനുള്ള ഭാഗമായാണ് ഈ വാർത്ത ചെയ്തതെന്നും അറിയാം. നിരവധി മുതിർന്ന രാഷ്‌ട്രീയ പ്രവർത്തകർക്കൊപ്പം അയാളുടെ ഫോട്ടോകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാർത്ത ചമക്കുന്നത് തോന്നിവാസമാണ്.
എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ് കിരണിനെതിരെ നൽകിയ ഇ-മെയിൽ പരാതിയുണ്ട്. എന്റെ പ്രതികരണം പോലും ഉൾപ്പെടുത്താതെ വാർത്ത നൽകിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത്.
പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാർത്ത ചെയ്യുമ്പോൾ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ?
Comments