മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 5 ശിവസേന എം എൽ എമാർ കൂടി പിന്തുണ അറിയിച്ച് വിമത നേതാവ് ഏകനാഥ് ഷിൻഡെയെ സമീപിച്ചു. നിലവിൽ 44 ശിവസേന എം എൽ എമാർ ഷിൻഡെക്കൊപ്പം അസമിൽ ഉണ്ട് എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയ രവീന്ദ്ര ഫടകും ഏകനാഥ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉദ്ധവിന്റെ ദൂതനായി, വിമത എം എൽ എമാർ ആദ്യം ക്യാമ്പ് ചെയ്തിരുന്ന സൂറത്തിലേക്ക് പോയ നേതാവാണ് ഫടക്. ഇദ്ദേഹം ഒരു എം എൽ സിയാണ്.
നിലവിൽ ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും ഉൾപ്പെടെ 13 എം എൽ എമാർ മാത്രമാണ് ശിവസേനയിൽ ഉള്ളത്. മറ്റുള്ളവരെല്ലാം വിമത പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ഒഴിയുന്നതിന് മുൻപ് 12 എം എൽ എമാർ മാത്രമാണ് ഉദ്ധവിനെ കാണാൻ എത്തിയിരുന്നത്.
അതേസമയം ഉദ്ധവ് താക്കറെക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ തുടരുമെന്നും അട്ടിമറി നീക്കങ്ങൾ പരാജയപ്പെടുമെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടു.
മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക് തിരിച്ചു. തലസ്ഥാനത്ത് അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധി ദേശീയ നേതാക്കളുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.
Comments