ഭോപ്പാൽ : വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര ചെയ്യിച്ച സംഭവത്തിൽ ഫൈൻ അടിച്ച് പോലീസ്. മദ്ധ്യപ്രദേശിലെ ബെതുളിൽ വിവാഹ ഘോഷയാത്രയ്‌ക്കിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഉൾപ്പെടെ പ്രചരിച്ചതോടെ ബുൾഡോസർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
ജൂൺ 21ന് രാത്രി ബെതുളിലെ കെർപാനി ഗ്രാമത്തിലാണ് സംഭവം. സാധാരണയായി കാറിലും കുതിരപ്പുറത്തുമാണ് വരൻ വിവാഹത്തിന് എത്താറുള്ളത്. എന്നാൽ അങ്കുഷ് ജെയ്‌സ്വാൾ എന്നയാൾ വ്യത്യസ്തമായി ബുൾഡോസറിലാണ് എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ബുൾഡോസറിന് മുന്നിലെ ബ്ലേഡിൽ ഇരുന്നായിരുന്നു യാത്ര. ടാറ്റ കൺസൾട്ടൻസിയിൽ സിവിൽ എഞ്ചിനീയറാണ് ജയ്സ്വാൾ.
വിവാഹ ഘോഷയാത്ര കണ്ട് അമ്പരന്ന കാഴ്ചക്കാർ സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇത് വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. ബുൾഡോസറുകൾ വാണിജ്യ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത് എന്നും ഇതിൽ യാത്രകൾ നടത്താറില്ലെന്നും പോലീസ് പറഞ്ഞു.
Comments