വൻ ദുരന്തം മുന്നിൽ നിൽക്കുമ്പോൾ ധീരതയോടെ സമയോചിതമായ ഇടപെടൽ നടത്താൻ എല്ലാവർക്കും സാധിക്കാറില്ല. ആയിരങ്ങളുടെ ജീവൻ നമ്മുടെ കൈയ്യിലാണെന്ന ചിന്ത പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് കൂടുതൽ ഊർജ്ജം നൽകും, ചിലപ്പോൾ ആ ചിന്ത തന്നെ നമ്മെ പൂർണമായും ഇല്ലാതാക്കും. എന്നാൽ മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നെ വിശ്വസിച്ചവരുടെ ജീവൻ നിലനിർത്താൻ അവസാനം വരെ പോരാടിയവർ മാത്രമേ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളൂ. അങ്ങനെയൊരു പ്രതിസന്ധി ഘട്ടം മറികടന്ന്, ഒരു വിമാനത്തിലെ എല്ലാ യാത്രക്കാരുടെ ജീവൻ രക്ഷിച്ച് പെൺപുലിയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിലെ താരം, സ്‌പൈസ് ജെറ്റിലെ വനിതാ പൈലറ്റായ മോണിക ഖന്ന.
പക്ഷി വന്നിടിച്ച് വിമാനത്തിന് തീ പിടിച്ചപ്പോൾ, ഒന്നും നോക്കാതെ കൃത്യമായ ഇടപെടലിലൂടെ വിമാനത്തിലുണ്ടായിരുന്ന 185 ലധികം ആളുകളുടെ ജീവൻ രക്ഷിച്ച ഹീറോയാണ് മോണിക ഖന്ന. പറ്റ്‌നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിൽ തീ പിടിച്ചായിരുന്നു അപകടം. ബോയിങ്-737 വിമാനത്തിന്റെ ഇടത് ചിറകിൽ പക്ഷി വന്നിടിച്ച് തീ പടർന്നുപിടിച്ചു. ഇത് കണ്ടുനിന്ന നാട്ടുകാർ വിവരം എയർപോർട്ട് അധികൃതരെ അറിയിച്ചു. ഇതോടെ അഗ്നിബാധയേറ്റ വിമാനം അടിയന്തിരമായി താഴെയിറക്കണം എന്നായി.
ക്യാപ്റ്റൻ മോണിക്ക ഖന്നയും ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിംഗ് ഭാട്ടിയയമാണ് അപ്പോൾ കോക്പിറ്റിലുണ്ടായിരുന്നത്. 185 ൽ അധികം യാത്രക്കാരുടെ ജീവൻ തങ്ങളുടെ കൈകളിലാണെന്ന് ചിന്തിച്ച ഇവർക്ക് അടിപതറിയില്ല. എയർ ട്രാഫിക് കൺട്രോളിൽ നിന്നും വിവരം ലഭിച്ചതോടെ ഖന്ന നടപടികൾ തുടങ്ങി. ആദ്യം തന്നെ അഗ്നിബാധയേറ്റ വിമാനത്തിന്റെ ഇടത് എഞ്ചിൻ നിർത്തി. വിമാനം ഒരു റൗണ്ട് ചുറ്റി പറ്റ്‌ന വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിച്ചു. വിമാനം ലാന്റ് ചെയ്യുമ്പോൾ ഒരു എഞ്ചിൻ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. വിമാനം റൺവേയിൽ തിരിച്ചിറങ്ങുമ്പോഴേക്കും തീ അണഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. അപകടത്തിൽ വിമാനത്തിന്റെ ഒരു ഫാൻ ബ്ലേഡും എഞ്ചിനും തകർന്നിട്ടുണ്ട്.
നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ആളുകളെ വിമാനത്തിൽ നിന്നും പുറത്തെത്തിച്ചത്. തന്റെ സമയോചിതമായ ഇടപെടലിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച മോണിക ഖന്നയ്‌ക്ക് പിന്നീട് അഭിനന്ദിന പ്രവാഹമായിരുന്നു. പറ്റ്നയിലെ സംഭവത്തിൽ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരാണ് തങ്ങളുടെ അഭിമാനമെന്നാണ് സ്പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ ഉദ്യോഗസ്ഥരെ പ്രകീർത്തിച്ചുകൊണ്ട് അറിയിച്ചത്.















Comments