റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും കണ്ടുമുട്ടിയപ്പോൾ എടുത്ത ഒരു സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ഇരുവരും ജോലി ചെയ്യുന്ന ട്രെയിനുകൾ ഒരുനാൾ തൊട്ടടുത്ത പാളങ്ങളിലൂടെ കടന്നുപോയി. മകൻ തന്റെ കംപാർട്‌മെന്റിന്റെ വാതിൽക്കൽനിന്ന്, അപ്പുറത്തെ ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്ന അച്ഛനെയും ചേർത്ത് ഒരു സെൽഫിയെടുത്തു. സമൂഹമാദ്ധ്യമങ്ങളും ഈ ചിത്രം അപ്പാടെ ഏറ്റെടുത്തു. ഇത് ഇന്ത്യയിൽ നടന്ന സംഭവമാണെന്നും പറഞ്ഞ് പ്രചരിപ്പിച്ചു. എന്നാൽ സത്യം അതല്ല.
ചിത്രം ഇന്ത്യയിൽ ഉള്ളതല്ല എന്നതാണ് പ്രധാന കാര്യം. പിന്നെ എവിടെ നടന്ന സംഭവമെന്ന ചോദ്യമാണ്ആദ്യം ഉയരുന്നത്. ട്രെയിനുകളുടെ നിറവും ഡിസൈനും ബംഗ്ലാദേശിലേതാണ്. മകന്റെ ഷർട്ടിലെ നെയിം ബോർഡിലും ബംഗ്ലാദേശ് റെയിൽവേ എന്ന് എഴുതിയിട്ടുണ്ട്. ഗാർഡിന്റെയും ടിടിഇയുടെയും യൂണിഫോം ഇന്ത്യൻ റെയിൽവേയുടേതല്ല. അപ്പോൾ ഉണ്ടാകുന്ന സംശയം, ചിത്രം ഒറിജിനലാണോ എന്നാണ്.
എന്നാൽ സംശയിക്കേണ്ട, ചിത്രം ഒറിജിനലാണ്. 2019 ലാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്. ഇതിലുളളത് യഥാർത്ഥത്തിൽ അച്ഛനും മകനും തന്നെയാണ്. മകന്റെ പേര് വസിബുർ റഹ്മാൻ ഷുവോ. റെയിൽവേ ജോലിക്കാരായ അച്ഛന്റെയും മകന്റെയും ചിത്രം, 2019 മേയ് 15ന് വസിബുർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കുകയും ചെയ്തിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.
Comments