മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ച് പോലീസ്. രാഷ്‌ട്രീയ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പാര്‍ട്ടി ഓഫീസുകളുടെ മുന്നിലും നേതാക്കളുടെ വസതികളിലും പോലീസ് സേനയെ വിന്യസിച്ചു. മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡ്യയുടെ നേതൃത്വതത്തില്‍ നടന്ന യോഗത്തില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് സംഘത്തിന് മുന്നറിയിപ്പ് നല്‍കി.
ആക്ഷേപകരമായ പരാമര്‍ശങ്ങള്‍, സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നില്ലെന്നും പൊതുമുതലുകള്‍ നശിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് പോലീസിന് നിര്‍ദ്ദേശമുണ്ട് .നഗരത്തിലെ ക്രമസമാധാന നില വിലയിരുത്താനും നിര്‍ദ്ദേശമുണ്ട്.
രാജ്യസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ആദ്യ ആഴ്ചയില്‍ സെക്ഷന്‍ 144 പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനജ്ഞ ജൂലൈ 10 വരെ തുടരുമെന്നും അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നവരെ നിരീക്ഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കുന്ന പോസ്റ്റുകളും സന്ദേശങ്ങളും വീഡിയോകളും പോലീസ് നിരീക്ഷിക്കും. പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്ന ബാനറുകളും ഫ്ളക്സുകളും നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments