മ്യൂണിക്ക്: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി 7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ശത്രുതയ്‌ക്ക് അടിയന്തിരമായി അറുതി വരണമെന്നും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാത തിരഞ്ഞെടുത്ത് പരിഹാരം കാണണമെന്നും അദ്ദേഹം ആവർത്തിച്ചു.
കിഴക്കൻ യൂറോപ്പിലെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയിൽ പ്രധാനമന്ത്രി ലോക നേതാക്കളുമായി സംസാരിച്ചു. ഇതിന് പുറമെ ദുർബല രാജ്യങ്ങളിൽ നടക്കുന്ന സംഘർഷത്തിന്റെ ആഘാതവും ,അത് വഴി ഉണ്ടാവുന്ന പ്രതിസന്ധികളും ചർച്ചയിൽ നരേന്ദ്രമോദി മുന്നോട്ട് വച്ചു.
‘ ഇന്ത്യയുടെ സാന്നിധ്യം എല്ലാവരും വിലമതിക്കുന്നുവെന്നും ,പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മറ്റു രാജ്യങ്ങളിലെ നേതാക്കാൾ ഇന്ത്യയെ കാണുന്നത് പരിഹാര ദാതാവായാണെന്നും ‘ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യ ഇരുരാജ്യങ്ങളോടും യുദ്ധം അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ച പ്രധാനമന്ത്രി, രാജ്യങ്ങളിലെ പ്രസിഡന്റുമാർ തമ്മിൽ സംസാരിക്കുന്നത് സമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്നും നിർദ്ദേശിച്ചിരുന്നു.ഇതിന് പുറമെ യുക്രെയ്ൻ പ്രസിഡന്റുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
Comments