‘പ്രകാശം’ പരത്തുന്ന മിന്നാമിനുങ്ങുകൾ; രാത്രികാലങ്ങളിലെ ആ നുറുങ്ങുവെട്ടത്തിന്റെ രഹസ്യം എന്ത്

Published by
Janam Web Desk

നേരം ഇരുട്ടിയാൽ പ്രകാശം പറന്ന് നടക്കുന്നത് കണ്ട് അത്ഭുതപ്പെട്ട ഒരു കുട്ടിക്കാലം നമുക്ക് ഉണ്ടായിരുന്നു. അമ്മേ… എന്താണ് ആ വെട്ടം പറക്കുന്നതെന്ന് ചോദിക്കാത്തവരായി ആരും ഉണ്ടാവില്ല. പിന്നീടാണ് മനസ്സിലായത് അത് മിന്നാമിനുങ്ങ് എന്ന് വിളിക്കുന്ന ഒരു ജീവി ആണെന്ന്. ആ മിന്നാമിനുങ്ങുകളുടെ പ്രകാശ സൗന്ദര്യം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കൂരാക്കൂരിരുട്ടിൽ പൊട്ടുപൊട്ടായി തെളിയുന്ന പ്രകൃതി മാതാവിന്റെ സൃഷ്ടി നമ്മുടെ ഹൃദയം കീഴടക്കും.

ഇണകളെ ആകര്‍ഷിക്കാനായാണ് മിന്നാമിനുങ്ങുകള്‍ ഇങ്ങനെ ഇത്തിരി വെട്ടം തെളിച്ചും കെടുത്തിയും രാത്രികളിൽ പറന്ന് നടക്കുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. ശരീരത്തിനുള്ളിൽ നടക്കുന്ന രാസപ്രവര്‍ത്തനമാണ് മിന്നാമിനുങ്ങുകളുടെ ഇളം പച്ച നിറം കലര്‍ന്ന മഞ്ഞ വെളിച്ചത്തിന് പിന്നില്‍. സാധാരണയായി ഫയർഫ്ലൈസ് അല്ലെങ്കിൽ ലൈറ്റ്നിങ് ബഗ്സ് എന്നും ഇത് അറിയപ്പെടുന്നു. ഇണകളെ മാത്രമല്ല ഇരകളെ ആകർഷിക്കാനും മിന്നാമിനുങ്ങുകളുടെ വെട്ടം സഹായിക്കുന്നു. അടിവയറ്റിലെ രാസപ്രവർത്തനത്തിന്റെ ഫലമായി 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗദൈർഘ്യമുള്ള വെളിച്ചമാണ് ഇവ ഉത്പാദിപ്പിക്കുന്നത്.

ആൺ മിന്നാമിനുങ്ങുകൾ പറന്നുയരുമ്പോൾ മാത്രമാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. താഴ്ന്നും പൊങ്ങിയും പറക്കുന്ന ഇവ ഉയരുമ്പോൾമാത്രം പ്രകാശം തെളിയുകയും താഴുമ്പോൾ അണയുകയും ചെയ്യുന്നു. ഇതു കാണുന്നവർക്ക് അവ എപ്പോഴും ഒരേനിലയിൽ പറക്കുകയാണന്നേ തോന്നുകയുളളൂ. ആൺജീവി ആറു സെക്കഡ് ഇടവിട്ട് നാലഞ്ചുപ്രാവശ്യം മിന്നുമ്പോൾ പെൺപ്രാണികളിൽ ചിലത് മങ്ങൽകൂടാതെ തെളിഞ്ഞുകൊണ്ടിരിക്കുകയും മറ്റുചിലത് രണ്ടു സെക്കന്റ് ഇടവിട്ട് രണ്ടു മൂന്നു പ്രാവശ്യം വരെ മിന്നുകയും ചെയ്യുന്നു. ആയിരത്തിലധികം ഇനം മിന്നാമിനുങ്ങുകളെ കണ്ടെത്തിയിട്ടുണ്ട്. ചിലയിനങ്ങളിൽ പ്രായപൂർത്തിയായവ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുളളൂ. മറ്റു ചിലതിൽ മുട്ട വിരിഞ്ഞുണ്ടായ പ്രായപൂർത്തിയായവയും പ്രകാശിക്കുന്നു. പ്രകാശത്തിനു ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കുമെങ്കിലും പ്രകാശോൽപാദനത്തിന്റെ കാര്യത്തിൽ ആൺപെൺവ്യത്യാസമില്ല.

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്താകെമാനം രാത്രി സമയങ്ങളിൽ കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നത് ക്രമാതീതമായി വർദ്ധിച്ചുവെന്നും ഇത് മിന്നാമിനുങ്ങുകളെ ബാധിക്കുന്നുവെന്നും ശാസത്രജ്ഞർ പറയുന്നു. രാത്രികാലങ്ങളിലെ കൃത്രിമ വെളിച്ചത്തിലൂടെ ഇവ പ്രകാശിക്കുന്നുണ്ട്. ഇത് മിന്നാമിനുങ്ങുകളിലെ സ്വാഭാവിക പ്രക്രിയയേ സാരമായി ബാധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനെല്ലാം പുറമേ കൃഷിയിടങ്ങളിലും മറ്റുമുള്ള കീടനാശിനികളുടെ ഉപയോഗം വർദ്ധിച്ചതും ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകളെ നശിപ്പിക്കുന്നുവെന്നാണ് പഠനം. എന്തായാലും പ്രകൃതിയുടെ ആ സൗന്ദര്യം ഇപ്പോൾ അപൂർവ്വമായാണ് നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും കാണുന്നത്.

 

 

 

Share
Leave a Comment