ജക്കാർത്ത: ഇന്തോനേഷ്യയിൽ ജീവനക്കാർ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഭരണകൂടം ബാർ പൂട്ടിച്ചു. ജക്കാർത്തയിലെ ഹോളിവിംഗ്സ് എന്ന് പേരുള്ള ബാറാണ് അധികൃതർ പൂട്ടിച്ചത്. സൗജന്യ മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട പരസ്യത്തിൽ മുഹമ്മദ് മരിയ എന്നീ പേരുകൾ ഉൾപ്പെടുത്തിയതാണ് വിനയായത്.
മുഹമ്മദ്, മരിയ എന്നീ പേരുകൾ ഉള്ളവർക്ക് സൗജന്യമായി മദ്യം നൽകാൻ ബാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ഇതിന്റെ പരസ്യം തയ്യാറാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
മുഹമ്മദ്, മരിയ എന്നീ പേരുകൾ ഉള്ളവർ പേര് തെളിയിക്കുന്ന രേഖയുമായി എത്തിയാൽ സൗജന്യമായി മദ്യം നൽകും എന്നായിരുന്നു ബാറിന്റെ പരസ്യം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തു. ആറ് ജീവനക്കാർക്കെതിരെയാണ് കേസ് എടുത്തത്. ഇതിന് പിന്നാലെയാണ് ബാർ പൂട്ടാൻ അധികൃതർ തീരുമാനിച്ചത്. പ്രതിഷേധം കാരണം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉടൻ തന്നെ ജീവനക്കാർ പരസ്യം നീക്കിയിരുന്നു.
12 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മതനിന്ദ നിയമ പ്രകാരമാണ് ജീവനക്കാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബാറിന്റെ തന്നെ 12 ഔട്ട്ലെറ്റുകളും അധികൃതർ പൂട്ടിച്ചു. സംഭവത്തിൽ ഹോളിവിംഗ്സ് ബാർ മാപ്പ് പറഞ്ഞിട്ടും പ്രതിഷേധം തുടരുകയാണ്.
















Comments