മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകി. അതിനിടെ മഹാ വികാസ് അഖാഡി സർക്കാരിലെ രണ്ട് എം എൽ എമാർക്ക് കൊറോണ സ്ഥിരീകരിച്ചു. എൻസിപി എം എൽ എമാരായ അജിത് പവാർ, ഛഗൻ ഭുജ്ബൽ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ചതോടെ അജിത് പവാറിനും ഛഗൻ ഭുജ്ബലിനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല. അഴിമതി കേസുകളിൽ ജയിലിൽ തുടരുന്ന നവാബ് മാലിക്കിനും അനിൽ ദേശ്മുഖിനും വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന കാര്യവും ഏറെക്കുറെ വ്യക്തമാണ്. ഇതോടെ, വോട്ടെടുപ്പിൽ പങ്കെടുക്കുന്ന എൻസിപി എം എൽ എമാരുടെ എണ്ണം 40 ആയി ചുരുങ്ങി. സ്വതവേ, ഭൂരിപക്ഷം നഷ്ടമായി എന്ന് സാങ്കേതികമായി ഭയപ്പെടുന്ന മഹാ വികാസ് അഖാഡി സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ അവസ്ഥാ വിശേഷം.
മഹാരാഷ്‌ട്രയിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും 8 സ്വതന്ത്ര എം എൽ എമാരുടെയും ആവശ്യപ്രകാരമാണ് ഗവർണറുടെ നിർദ്ദേശം. മഹാ വികാസ് അഖാഡി സർക്കാർ ന്യൂനപക്ഷമായതായി കാട്ടി ഇവർ കത്ത് നൽകിയതോടെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദ്ദേശം നൽകിയത്.
Comments