ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സ്തംഭനാവസ്ഥ തുടരുന്നതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 800 ലൈറ്റ് ആര്‍മര്‍ഡ് മള്‍ട്ടിപര്‍പസ് വെഹിക്കിള്‍ (എൽഎഎംവി) വാങ്ങാന്‍ ഒരുങ്ങി സൈന്യം. കിഴക്കന്‍ ലഡാക്ക്, വടക്കന്‍ സിക്കിം എന്നിവിടങ്ങളിലും പര്‍വ്വത മേഖലകളിലും മഞ്ഞ് വീഴ്ചയുള്ള വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആകും ഇവ വിന്യസിക്കുക. ആവശ്യമെങ്കില്‍ ഇലക്ട്രോണിക് യുദ്ധത്തിനും ഇവ ഉപയോഗിക്കും.
വാഹനങ്ങള്‍ ഇന്ത്യന്‍ വെണ്ടര്‍മാരില്‍ നിന്ന് വാങ്ങുമെന്നും തദ്ദേശീയമായി വികസിപ്പിക്കുമെന്നും അറിയിച്ചു. മൂന്ന് വര്‍ഷത്തെ കരാറാണ് ഒപ്പുവെയ്‌ക്കുക. പ്രതിവര്‍ഷം 300 വാഹനങ്ങള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. കിഴക്കന്‍ അതിര്‍ത്തിയ്‌ക്ക് പുറമെ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലകളിലും വാഹനങ്ങള്‍ വിന്യസിക്കും.
പ്രതിരോധ സമയങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ചലിക്കാന്‍ കഴിയണം. സേനയെ സംരക്ഷിക്കാനും കഴിവുള്ളവയാകണം ഇവ. യുദ്ധമുഖം നിരീക്ഷിക്കുന്നതിനായി റഡാറുകളും തെര്‍മല്‍ ഇമേജിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതവുമായിരിക്കണം. ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും ഉണ്ടായിരിക്കണം.യുദ്ധത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍,പടക്കോപ്പുകള്‍,ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങി യുദ്ധ സംബന്ധമായ ഉപകരണങ്ങള്‍ വഹിക്കാനുള്ള സൗകര്യം ഇവയ്‌ക്ക് ഉണ്ടാകണം എന്നാണ് വിവരങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷയായ ആര്‍എഎഫ്‌ഐ യില്‍ നിദേശിച്ചിരിക്കുന്നത്.
രണ്ട് തരത്തിലുള്ള എല്ല്എഎംവി അവതരിപ്പിച്ചതായി ആര്‍എഫ്‌ഐ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ബേസിക് മോഡലും ആധുനിക സൗകര്യങ്ങളോട് കൂടിയ അഡ്വാന്‍സ്ഡ് മോഡലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
Comments