തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ‘അജ്ഞാതൻ’പടക്കമെറിഞ്ഞിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുകിൽ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.
ആറ് ദിവസം മുൻപ് ‘എകെജി സെന്ററിന് നേരെ കല്ലെറിയും , ഒരു ജനലെങ്കിലും തകർക്കും, അത് ഞാൻ ഒറ്റയ്‌ക്കായിരിക്കും ‘ എന്ന രീതിയിൽ പോസ്റ്റിട്ട അന്തിയൂർ കോണം സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമണ സമയം ഇയാൾ എ കെ ജി സെന്റർ പരിധിയിൽ ഉണ്ടായിരുന്നില്ല എന്നതും വൃക്തമാണ്.
അതേസമയം സംഭവത്തിൽ മറ്റൊരു സഹായി ഉണ്ടായിരുന്നതായി സൂചനകൾ പുറത്തുവന്നിട്ടുണ്ട് ഇയാളാണ് പടക്കം അക്രമിക്ക് കൈമാറിയത് എന്നാണ് വിവരം. അക്രമി സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിൽ ആണെന്ന കണ്ടുപിടിത്തം മാത്രമാണ് പോലീസിനുള്ളത്. എട്ടോളം പോലീസുകാർ എകെജി സെന്ററിന് മുന്നിലുണ്ടായിട്ടും ആക്രമിയെ എന്തുകൊണ്ട് പിന്തുടർന്നില്ല എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.
കുന്നുകുഴി ,ലോ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വണ്ടി നമ്പർ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത് . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
















Comments