തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത അന്തിയൂർക്കോണം സ്വദേശി റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇതോടെ എകെജി സെന്റർ ആക്രമണ കേസ് അന്വേഷണം വീണ്ടും വഴിമുട്ടി. എകെജി സെന്ററിന് കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമായിരുന്നു റിജുവിനെ പോലീസ് പിടികൂടിയിരുന്നത്.
ഇന്നലെ വരെ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെന്ന രീതിയിൽ പോലീസ് പ്രചരിപ്പിച്ചയാളാണ് റിജു. ആക്രമണ കേസിനെ റിജുവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കലാപാഹ്വാനമുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് റിജുവിനെതിരെ കേസെടുത്തത്. ശനിയാഴ്ച പോലീസ് കസ്റ്റഡിയിലായ റിജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാൽ എകെജി സെന്റർ ആക്രമിക്കുമെന്ന എഫ്ബി പോസ്റ്റിന്റെ മാത്രം പശ്ചാത്തലത്തിലായിരുന്നു റിജുവിനെ കസ്റ്റഡിയിൽ വെച്ചതെന്നത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. തുടർന്ന് ജാമ്യമില്ല വകുപ്പുകൾ ചുമത്തിയത് ഉൾപ്പെടെ ഒഴിവാക്കുകയിം റിജുവിന് സ്റ്റേഷൻ ജാമ്യം നൽകുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഏകവ്യക്തി റിജു കൂടി പുറത്തിറങ്ങുന്നതോടെ കേസ് അന്വേഷണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
















Comments