തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് നിയമസഭയിൽ ചർച്ച ചെയ്യാൻ തീരുമാനം. ഇന്ന് ഉച്ചയ്‌ക്ക് 1 മണി മുതൽ രണ്ട് മണിക്കൂറാണ് ചർച്ച. സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇരു പക്ഷത്ത് നിന്നും മുൻകൂട്ടി നിശ്ചയിച്ച അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കും.
പടക്കമേറ് ഉയർത്തിക്കൊണ്ട് സർക്കാരിനെ വെട്ടിലാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ ശേഷം ഭരണപക്ഷം കോൺഗ്രസ് ഓഫീസുകൾ തകർത്തു എന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കും. പടക്കമേറ് നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനായില്ലെന്ന് ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കും. ആക്രമണം നടത്തിയ ശേഷം കോൺഗ്രസിനെ പഴിചാരുകയാണ് ഇടതു മുന്നണികൺവീനർ ചെയ്തത് എന്നും ആരോപിക്കും.
അതേസമയം രാഹുൽഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്‌ഐക്കാരല്ലെന്ന പോലീസ് റിപ്പോർട്ട് ഉയർത്തിക്കൊണ്ട് സർക്കാർ പ്രതിരോധം തീർക്കും. സ്വയം ഗാന്ധിയുടെ ചിത്രം തകർത്ത് അത് എസ്എഫ്‌ഐയുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടന്നത് എന്നും ആരോപണം ഉന്നയിക്കാനാണ് തീരുമാനം.
Comments