കൊച്ചി: ഭാരതത്തിന്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് ഇന്ന് 120 കൊല്ലം പിന്നിടുന്നു. ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ മിഷനും സ്ഥാപിച്ചത് ശ്രീരാമകൃഷ്ണ പരമഹംസന്റെ ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദനാണ്. പ്രസംഗങ്ങൾകൊണ്ടും പ്രബോധന ങ്ങൾകൊണ്ടും രാജ്യത്തെ സ്വാധീനിച്ച ആത്മീയ ഗുരു ആയിരുന്നു സ്വാമി വിവേകാനന്ദനൻ. രാജ്യത്തെ യുവാക്കളേയും സ്വാതന്ത്ര്യസമര സേനാനികളേയും പൗരപ്രമുഖന്മാരേയും രാജക്കന്മാരേയും സാധാരണക്കാരേയും ഒരുപോലെ സ്വാധീനിച്ച മറ്റൊരു ആത്മീയാചാര്യൻ ഉണ്ടായിട്ടില്ല.
വിവേകാനന്ദന്റെ ആദ്ധ്യാത്മിക നേതൃത്വം ഭാരതീയ സംസ്‌കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. ഹിന്ദുമതത്തെ ആധുനിക കാലത്തിന് അനുസൃതമായ തരത്തിൽ നിരീക്ഷിക്കാനും മതസംസ്‌കാരത്തിന് വ്യാവസായിക യുഗത്തിൽ പുതിയ നിർവചനം നൽകാനും വിവേകാനന്ദന് സാധിച്ചു. വിവേകാനന്ദ വീക്ഷണങ്ങൾക്ക് പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്.
വിദ്യാഭ്യാസത്തിനും മതത്തിനും അദ്ദേഹം നൽകിയ നിർവചനങ്ങൾ ഏറെ വിലപ്പെട്ടതാണ് . മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പരിപൂർണതയുടെ ബഹി:സ്ഫുരണമാകണം വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മതമാകട്ടെ മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികതയുടെ നൈസർഗ്ഗികമായ പ്രകാശനവും. ഇത്രയും അർത്ഥസമ്പുഷ്ടമായ വാക്കുകൾ ഈ രണ്ട് വിഷയങ്ങളെപ്പറ്റി മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. വെറും സിദ്ധാന്തം കൊണ്ട് മാത്രം വിശ്വമാനവികത സാദ്ധ്യമാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു .’സദുദ്ദേശ്യവും ആത്മാർഥതയും അപരിമേയമായ സ്നേഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടേയും നിർദ്ദയരുടേയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും ‘ എന്നദ്ദേഹം ചൂണ്ടിക്കാട്ടി .
പരിത്യാഗവും സേവനവുമാണ് ഭാരതീയ ആദർശങ്ങളെന്ന് പ്രഖ്യാപിച്ച അദ്ദേഹം അത്തരം ഗുണങ്ങളെക്കൊണ്ട് രാഷ്‌ട്രത്തെ നിറയ്‌ക്കാൻ ആഹ്വാനം ചെയ്തു . ലോകഗുരുവായി ഭാരതം തീരണമെങ്കിൽ അതിന് ആദ്ധ്യാത്മികതയുടെ കരുത്ത് വേണമെന്നും അദ്ദേഹം ഉദ്‌ബോധി പ്പിച്ചു . യഥാർത്ഥമായ വിശ്വമാനവികത സാദ്ധ്യമാകണമെങ്കിൽ ത്യാഗഭൂമിയായ ഭാരതം ലോകഗുരുവാകണമെന്ന് സ്വാമിജിക്കറിയാമായിരുന്നു . അതുകൊണ്ട് കൂടിയാണ് ഉറങ്ങിക്കിടന്ന ഭാരതത്തിന്റെ കരുത്തിനെ കനലുകളെ ഊതിജ്വലിപ്പിക്കുന്ന രീതിയിൽ അദ്ദേഹം നിരന്തരം സ്വന്തം ആരോഗ്യം പോലും അവഗണിച്ച് ഉദ്‌ബോധനങ്ങൾ നടത്തിയത്.
ബലമാണ് ജീവിതം ദൗർബല്യം മരണമാണ് എന്ന് പ്രഖ്യാപിച്ച കരുത്തുറ്റ ആദ്ധ്യാത്മി കാചാര്യനെ പലരും ധർമ്മ രക്ഷയുടെ നരസിംഹമായിപോലും വിശേഷിപ്പിച്ചു. ജൈത്രയാത്രയിൽ ഉണർന്നെഴുന്നേൽക്കാത്ത യുവമനസുകളുണ്ടായിരുന്നില്ല. വിവേകാനന്ദ സ്വാമികളുടെ ആഹ്വാനങ്ങൾ എത്രയെത്ര സാമൂഹ്യ പരിഷ്‌കർത്താക്കൾക്കും വിപ്ലവകാരികൾക്കും സന്യാസികൾക്കുമാണ് ജന്മം നൽകിയത്. മാതൃഭൂമി അദ്ദേഹത്തിന് പ്രാണനായിരുന്നു. ഒരുപിടിച്ചോറുണ്ടാൽ ത്രൈലോക്യം ജയിക്കാൻ കഴിവുള്ള ദരിദ്ര നാരായണന്മാരെപ്പറ്റി ഗാന്ധിജി പഠിച്ചത് വിവേകാനന്ദനിൽ നിന്നായിരുന്നു. ലാലാ ലജ്പത് റായിയും അരവിന്ദ ഘോഷും , തിലകനും സർവ്വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങൾ ഹൃദയത്തിലേറ്റിയവരാണ് . സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനിൽ നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട് .
അമേരിക്കയിൽ വിവേകാനന്ദൻ ജനമനസ്സിനെ കീഴടക്കിയത് കാരുണ്യവും അനുകമ്പയും ലോകം കുടുംബമാണെന്നുമുള്ള ഭാരതീയ തത്വം പഠിപ്പിച്ചുകൊണ്ടായിരുന്നു. ഒരു പ്രഭുകുടുംബത്തിൽ അതിഥിയായിരുന്ന സ്വാമിജി പട്ടുമെത്തയും മറ്റ് വിശിഷ്ട സൗകര്യങ്ങളും നിഷേധിച്ച് വെറും തറയിൽ തണുത്തുമരവിച്ച് കിടന്നത് പാശ്ചാത്യരെ അമ്പരപ്പിച്ചു. കാരണമന്വേഷിച്ച അവരോട് സ്വാമിജി പറഞ്ഞതിങ്ങനെ ‘ നിങ്ങൾ നൽകിയ പട്ടുമെത്തയിൽ കിടന്നപ്പോൾ ഞാൻ എന്റെ ദരിദ്രരായ നാട്ടുകാരെ ഓർത്തു പോയി . അരവയർ പോലും നിറയാത്ത അവർക്ക് കിടക്കാൻ ഒരു പായപോലും ലഭിക്കുന്നില്ല . അവർ എന്റെ രക്തവും മാംസവുമാണ് .ഞാനെങ്ങനെ ഈ പട്ടുമെത്തയിൽ ഉറങ്ങും ‘എന്നായിരുന്നു വിവേകാനന്ദന്റെ മറുപടി.
ആധുനിക വികസിത രാഷ്‌ട്രങ്ങളോടൊപ്പം അടിവച്ചു മുന്നേറുന്ന ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടു. ആദ്ധ്യാത്മികത പിന്തിരിപ്പനാണെന്നും പുരോഗമനങ്ങൾക്ക് എതിരാണെന്നുമുള്ള പ്രചാരണങ്ങൾക്ക് അദ്ദേഹം പ്രവർത്തികൊണ്ട് മറുപടി നൽകി. ആധുനിക ശാസ്ത്രരംഗത്തെ എല്ലാ കണ്ടുപിടുത്തങ്ങളും മറ്റാരേക്കാളും വ്യാഖ്യാനിക്കാനറിയുന്ന പണ്ഡിതനായ വിവേകനാന്ദനിൽ നിന്ന് ജാംഷെഡ്ജി ടാറ്റയടക്കം നേടിയ ഊർജ്ജം ചെറുതായിരുന്നില്ല. ആദ്യത്തെ ശാസ്ത്രസാങ്കേതിക ഗവേഷണ പഠനകേന്ദ്രം ബംഗളൂരുവിൽ തുടങ്ങാൻ കാരണം സ്വാമി വിവേകാനന്ദനെന്ന യുവസന്യാസിയുടെ ദീർഘവീക്ഷണമായിരുന്നു.
1897 ജനുവരി 25 ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘ ഏറ്റവും നീണ്ട രാത്രി അവസാനിക്കുകയായി ദുസ്സഹമായ യാതനകൾ ഒടുങ്ങുന്ന മട്ടായി. മൃതശരീരമെന്ന് വിചാരിച്ചത് ഉണരുകയാണ്. അതാ മാതൃഭൂമിയുടെ ജീവിക്കുന്ന ശബ്ദം കേൾക്കുന്നു. അത് വർദ്ധിച്ചു വരികയാണ് . നോക്കൂ.. ഉറങ്ങിക്കിടന്നവൻ അതാ സടകുടഞ്ഞെഴുന്നേൽക്കുന്നു. ഹിമാലയ സാനുക്കളിൽ നിന്നടിക്കുന്ന കുളിർകാറ്റു പോലെ അത് മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവൻ പകരുകയായി . ആലസ്യം വിട്ടകന്നിരിക്കുന്നു. നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധമായ ദീർഘനിദ്രയിൽ നിന്നും ഉണരുകയാണ് . കുബുദ്ധികൾ ഇത് കാണാൻ തയ്യാറല്ലെന്നു വന്നേക്കാം . ഇനി ഭാരതം അപ്രതിരോധ്യമാണ്. ആർക്കും നമ്മുടെ രാജ്യത്തെ തടയാനാവില്ല. ഇനി ഭാരതം ഉറങ്ങുകയില്ല. ഒരു ബാഹ്യശക്തിക്കും ഇനി ഭാരതത്തെ പുറകോട്ട് തള്ളാനാകില്ല. കാരണം അനന്തശക്തിയോടെ അത് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറെടുക്കുകയാണ് ‘
സ്വാതന്ത്ര്യ ലബ്ധിക്ക് കൃത്യം അൻപതു വർഷം മുൻപ് ആ മഹാത്മാവിനുണ്ടായ സ്വപ്ന ദർശനം പിന്നീട് യാഥാർത്ഥ്യമായി. വർദ്ധിത വീര്യന്മാരായ ഭാരത ജനത ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത ‘ എന്ന മന്ത്രമുരുവിട്ട് സടകുടഞ്ഞുണർന്നപ്പോൾ അടിമത്തത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചങ്ങലക്കെട്ടുകൾ പൊട്ടിത്തകരുകയായിരുന്നു . മഹതിയായ ഭാരതമാതാവാകണം അടുത്ത അൻപത് വർഷത്തേക്ക് നമ്മുടെ പൂജാമുറികളിലെ ആരാധനാ മൂർത്തി എന്ന് സ്വാമിജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത ഭാരതം അതിന്റെ വിശ്വരൂപം കാണിക്കുക തന്നെ ചെയ്തു.
Comments