മുംബൈ: 2023ലെ ഗണേശോത്സവത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തി ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ഇത്തരത്തിൽ നിർമിച്ച വിഗ്രഹങ്ങൾ മനുഷ്യ നിർമിത തടാകങ്ങളിൽ ഒഴുക്കണമെന്നും ബിഎംസി അറിയിച്ചു. വിഗ്രഹങ്ങൾ പ്ലാസ്റ്റർ ഓഫ് പാരീസ് നിർമിതമാണോയെന്ന് വ്യക്തമാക്കണമെന്നും നിർദേശമുണ്ട്.
കളിമൺ നിർമിത വിഗ്രഹങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി ഡപ്യൂട്ടി കമ്മീഷണർ ഹർഷാദ് കലെ അറിയിച്ചു. ഉത്സവങ്ങളിൽ ഉപയോഗിക്കുന്ന വിഗ്രഹങ്ങൾക്ക് രണ്ട് അടിയിൽ കൂടുതൽ ഉയരം പാടില്ല. പൊതു പന്തലുകളിൽ ഉപയോഗിക്കുന്നതിന്റെ വലുപ്പവും കുറയ്‌ക്കണമെന്നും നിർദേശിച്ചു. പന്തലുകൾക്ക് അനുമതി നൽകുന്നതിനായി ഓൺലൈൻ ഏകജാലകസംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചു
കൊറോണ വ്യാപനം മൂലം രണ്ട് വർഷമായി മുടങ്ങിയിരുന്ന ഗണേശോത്സവം ഇക്കുറി ആഘോഷത്തോടെ നടത്താനുളള ഒരുക്കത്തിലാണ് ഭക്തർ. രണ്ട് വർഷമായി ഉത്സവം മുടങ്ങിയിരുന്നതിനാൽ പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ ഇക്കുറി വിലക്കേർപ്പെടുത്തുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തേക്ക് മാത്രമാണ് ഇളവ് നൽകുക.
അമിത അളവിൽ പ്ലാസ്റ്റർ ഓഫ് പാരീസ് വെള്ളവുമായി ചേരുമ്പോൾ ബാഷ്പീകരണ താപം വർദ്ധിക്കുകയും കാലാവസ്ഥ വ്യതിയാനം സംഭവിക്കാനും സാധ്യതയുണ്ട്.
Comments