കൊച്ചി: യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകൻ വസീം അൽ ഹിക്കാമിക്കെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. കോടതി ഇടപെടലിനെ തുടർന്ന് പോലീസ് നടപടി സ്വീകരിക്കാൻ നിർബന്ധിതമാകുകയായിരുന്നു. യേശു പിഴച്ചുപെറ്റതാണെന്ന് ഉൾപ്പെടെയുളള ഇയാളുടെ പരാമർശങ്ങൾ ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉൾപ്പെടെയുളളവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്ന് അനൂപ് ആന്റണി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുൻപിൽ നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കുകയായിരുന്നു. വിഷയത്തിൽ കഴമ്പുണ്ടന്നും, അതീവ ഗൗരവമുള്ള വിഷയമാണെന്നും മനസിലാക്കിയ കോടതി ഉടൻ തന്നെ നടപടി എടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഡിജിപിക്കും തുടർന്ന് എറണാകുളം സൈബർ സെല്ലിലും ആണ് അനൂപ് ആന്റണി പരാതി നൽകിയിരുന്നത്. മത വികാരം വ്രണപ്പെടുത്തിയതിനും മതവൈരം വളർത്തിയതിനുമാണ് കേസ്. നേരത്തെ പിസി ജോർജ്ജിനെതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നടപടി സ്വീകരിച്ച പോലീസ്് വസീം അൽ ഹിക്കാമിയെ അറസ്റ്റ് ചെയ്യാത്തത് ഇരട്ടത്താപ്പ് ആണെന്ന് ആരോപണം ഉയർന്നിരുന്നു.
വസീം അൽ ഹിക്കാമിക്ക് അർഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുന്നത് വരെ ഈ കേസുമായി മുൻപോട്ട് പോകുമെന്ന് അനൂപ് ആന്റണി അറിയിച്ചു. യേശു ക്രിസ്തുവിനെ അപമാനിച്ച വസീം അൽ ഹിക്കാമിക്ക് എതിരെ നടപടി എടുക്കാത്തതിനാൽ കോടതിയെ സമീപിക്കേണ്ടി വന്ന അവസ്ഥ കേരളത്തിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പി.സി.ജോർജിനും വസീം അൽ ഹിക്കാമിക്കും ഇവിടെ ഇരട്ടനീതി നടപ്പിലാക്കുന്നതെന്നും അനൂപ് ആന്റണി ചോദിച്ചു.
പിഴച്ച പുത്രൻ ഉണ്ടായതിനാണ് ക്രിസ്തുമസിന് കേക്ക് മുറിക്കുകയും ആശംസകൾ പറയുകയും ബാൻഡും ചാട്ടവും ആഭാസവുമൊക്കെയായി ആഘോഷിക്കുകയും ചെയ്യുന്നത് എന്നായിരുന്നു വസീം അൽ ഹിക്കാമിയുടെ വാക്കുകൾ.
Comments