കുടിയേറ്റ തൊഴിലാളികൾ വ്യാപകം; മംഗലാപുരത്ത് തൊഴിലാളികളുടെ രേഖകൾ പരിശോധിക്കുന്നത് ശക്തമാക്കി പോലീസ്

Published by
Janam Web Desk

ബംഗളൂരു: മംഗലാപുരത്ത് സാധുവായ രേഖകളില്ലാതെ താമസിക്കുന്ന 518 കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയലിനായി പരിശോധന ശക്തമാക്കി പോലീസ്. ബംഗ്ലാദേശ് ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ നഗരത്തിൽ തൊഴിലാളി സംഘടനകളുടെ രൂപത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരത്തിലുള്ള നിരവധി തൊഴിലാളികൾ നിർമ്മാണ വ്യവസായം, കാർഷിക ഫാമുകൾ, തോട്ടങ്ങൾ, വ്യവസായങ്ങൾ, മത്സ്യബന്ധനം എന്നിവയിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ കമ്മീഷണറേറ്റിനുള്ളിൽ സാധുവായ രേഖകൾ ഇല്ലാത്ത 518 കുടിയേറ്റ തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പരിശോധന ഉൾപ്പെടെ കുടിയേറ്റ തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാൻ 20 രീതികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ രേഖകൾ യഥാർത്ഥമാണോ അല്ലയോ എന്ന് പരിശോധിച്ച് ജാഗ്രതയോടെയാണ് പോലീസ് നീങ്ങുന്നത്. ആവശ്യമെങ്കിൽ കുടിയേറ്റക്കാർ നഗരത്തിൽ എത്തിയതിനുശേഷം ആരെയാണ് വിളിച്ചതെന്ന് കണ്ടെത്തുന്നതിനും അവർ സന്ദർശിച്ച സ്ഥലങ്ങൾ അറിയുന്നതിനും പോലീസ് അവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കും. അവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്ന് ശശികുമാർ പറഞ്ഞു.

സാധുവായ രേഖകളില്ലാത്ത 518 പേർക്ക് അവരുടെ ജന്മസ്ഥലം, അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷൻ, അവരുടെ മുൻകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തേടി പോലീസ് ഒരു ഫോം നൽകിയിട്ടുണ്ടെന്നുംഅദ്ദേഹം വ്യക്തമാക്കി.

.

 

 

 

Share
Leave a Comment