പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ ദിവ്യാംഗനയായ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അനുമതിയില്ലാതെ ട്യൂബിറക്കിയെന്ന് കുടുംബം ആരോപിക്കുന്നു.
യാതൊരു പ്രശ്‌നവുമില്ലാതെ ശസ്ത്രക്രിയയ്‌ക്ക് വിധേയായ ആൾ മരിച്ചത് ചികിത്സയിലെ പാളിച്ച മൂലമാണെന്നും സത്യം തങ്ങൾക്ക് അറിയണമെന്നും
നീതിക്കായി നിയമപരമായി മുന്നോട്ട് പോവുമെന്നും കുടുംബം പറഞ്ഞു. ജനം ടിവിയോടാണ് കുടുംബം ആശുപത്രിയിലെ സംഭവവികാസങ്ങൾ വെളിപ്പെടുത്തിയത്.
ഇന്നലെ രാത്രിയോടെ ദിവ്യാംഗനയായ കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക (27)യാണ് മരിച്ചത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ച യുവതിയ്‌ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടർമാർ കാർത്തികയുടെ കുടുംബത്തിന് ഉറപ്പ് നൽകി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം.സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവം.
















Comments