ഐശ്വര്യ റായ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ഐശ്വര്യ റായിയുടെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞിയായ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
പ്രതികാരത്തിന് അതിസുന്ദരമായ മുഖമുണ്ട് എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിക്രമിന്റെയും കാർത്തിയുടെയും ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ വന്തിയതേവനായി കാർത്തിയും , ആദിത്യ കരികാലൻ എന്ന കഥാപാത്രമായി വിക്രമും എത്തുന്നു.
ഐശ്വര്യ , കാർത്തി , വിക്രം എന്നിവർക്ക് പുറമെ തൃഷ കൃഷ്ണൻ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലാണ് പൊന്നിയിൻ സെൽവന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. സുന്ദര ചോഴർ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി വർമ്മയാണ്.
ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈമാണ്. 125 കോടി രൂപയ്‌ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. അതേസമയം സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
മുമ്പും തമിഴ് ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു. ഗുരു , രാവണൻ ,ഇരുവർ എന്നി ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചത്.
Comments