തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വെച്ചതിന് പിന്നാലെ നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറെയും അധിക്ഷേപിച്ചതായി ആരോപണം. മണലൂർ എംഎൽഎ മുരളി പെരുന്നെല്ലിയുടെ പരാമർശമാണ് വിവാദമായത്. ജയ് ഭീം എന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചപ്പോൾ പാലാരിവട്ടത്തെ ബീം ആണോയെന്ന് മുരളി തിരിച്ചു ചോദിക്കുകയായിരുന്നു.
തുടർന്ന് അംബേദ്ക്കറെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജയ് ഭീം മുദ്രാവാക്യങ്ങളുമായി ഇവർ വീണ്ടും പ്രതിഷേധിച്ചു. അംബേദ്ക്കറെ താൻ അപമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണത്തിൽ മുരളി പെരുനെല്ലി പിന്നീട് സഭയിൽ പറഞ്ഞു. മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഒരു കാര്യം മാത്രമാണ് പറഞ്ഞതെന്നായിരുന്നു മുരളിയുടെ വാദം.
ഇല്ലാത്ത കാര്യം തന്റെ വാചകമാക്കി വരുത്തിതീർക്കേണ്ട കാര്യമില്ലെന്നും മുരളി പെരുന്നെല്ലി പറഞ്ഞു. തുടർന്ന് ഇക്കാര്യം പരിശോധിച്ചു പറയാമെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. മണലൂരിൽ നിന്നുളള സിപിഎം എംഎൽഎ ആണ് മുരളി പെരുന്നെല്ലി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.
കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം യോഗത്തിൽ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിപദം രാജിവെയ്ക്കേണ്ടി വന്നത്. ഈ വിവാദങ്ങൾക്കിടെയാണ് മുരളി പെരുന്നെല്ലിയുടെ പരാമർശവും.
Comments