ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുറത്തേക്ക്. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്ന് അറിയിച്ച ബോറിസ് ഒക്ടോബർ വരെ തൽകാലം പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് വിവരം. മന്ത്രിമാരുടെ കൂട്ടരാജിക്ക് പിന്നാലെയുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടർന്നാണ് യുകെ പ്രധാനമന്ത്രിയും ചുമതല ഒഴിയുന്നത്.
ഒക്ടോബറിൽ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് വിലയിരുത്തൽ. എന്നാൽ അദ്ദേഹം ഇന്ന് തന്നെ പ്രധാനമന്ത്രി പദം ഒഴിയുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെ 50ഓളം മന്ത്രിമാർ രാജിവെച്ചതിന് പുറമേ ബോറിസിനെതിരായി ചില അഭിപ്രായ സർവ്വേകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് പാർട്ടി അദ്ധ്യക്ഷസ്ഥാനം ഒഴിയാനും രണ്ട് മാസത്തിനുള്ളിൽ പ്രധാനമന്ത്രി പദത്തിൽ നിന്നും ഒഴിയാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചിട്ടുണ്ട്.
2019ലായിരുന്നു 58-കാരനായ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്. പിന്നീട് തന്റെ ഭരണകാലയളവിൽ നിരവധി വിവാദങ്ങളിൽപ്പെട്ടതോടെയാണ് ബോറിസിനെതിരായ തരംഗം യുകെയിൽ ഉടലെടുത്തത്. കൊറോണയെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ ജനങ്ങളെ കബളിപ്പിച്ച് മാനദണ്ഡങ്ങൾ ലംഘിച്ചതായിരുന്നു പ്രധാനമന്ത്രിക്കെതിരായ വിവാദങ്ങൾക്ക് തുടക്കം. ഏറ്റവുമൊടുവിൽ ലൈംഗികാരോപണം നേരിടുന്ന ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതും വലിയ വിമർശനത്തിന് വഴിവെച്ചു.
Comments