പാലക്കാട്: തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ആലത്തൂർ സ്വദേശികൾ. ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്റെ പാർശ്വഫലംമൂലം വയോധിക മരിച്ചെന്നാണ് ആരോപണം.നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ പഴമ്പാലക്കോട് സ്വദേശി സാവിത്രിയ്‌ക്ക് കാൻസറിന്റെ മരുന്ന് നൽകിയെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. പരാതി നൽകി ഒരു വർഷം പിന്നിടുമ്പോഴും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് മരിച്ച സാവിത്രിയുടെ കുടുംബം ആരോപിക്കുന്നു.
2021 ഫെബ്രുവരി 5 നാണ് നടുവേദനയെ തുടർന്ന് സാവിത്രിയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നൽകി. ഇതോടെ ശരീരം മുഴുവൻ പുണ്ണ് വന്ന് രക്തമൊലിച്ച് ഗുരുതരാവസ്ഥയിലായി. തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് നടുവേദനയ്‌ക്ക് നൽകിയത് ക്യാൻസറിനുള്ള മരുന്നായിരുന്നുവെന്ന് വ്യക്തമായത്.
ഇത് തങ്കം ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ പത്തുപേർക്ക് ഈ മരുന്ന് കൊടുക്കുമ്പോൾ അവരിൽ അഞ്ചുപേർ ജീവിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്യും. ഞങ്ങൾ എന്താണ് ചെയ്യുകയെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ കുടുംബം കേസുമായി മുന്നോട്ട് പോയപ്പോൾ തങ്കം ആശുപത്രി അധികൃതർ ഒത്തു തീർപ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭർത്താവ് മോഹനൻ പറയുന്നു.
പ്രസവത്തോടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയിൽ നിന്നുള്ള ദുരനുഭവങ്ങൾ പറഞ്ഞ് നിരവധിപേരാണ് രംഗത്ത് വരുന്നത്
















Comments