പാലക്കാട്: ബിജെപിയുടെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. രാജ്യസഭാ അംഗമായിരിക്കാൻ എളമരം കരീമിനെക്കാൾ യോഗ്യത പി.ടി ഉഷയ്‌ക്കുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അട്ടയെപ്പോലെ ചോര കുടിച്ച് തൊഴിലാളി വർഗ്ഗത്തെ വിമർശിച്ച ചരിത്രമല്ല പി.ടി ഉഷയ്‌ക്കുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യതയുണ്ട്. എന്താണെന്നറിയാമോ?. പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം , ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ആപ്പീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാമെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് . ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ് . സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയ്‌ക്കും ആർഎസ്എസിനും അനുഗുണമായി പ്രവർത്തിക്കുന്നവർക്കൊക്കെ രാജ്യസഭാംഗത്വം നൽകുകയാണെന്നായിരുന്നു എളമരം കരീമിന്റെ പരാമർശം. ബിജെപിയ്‌ക്ക് അനുകൂലമായി പ്രവർത്തിച്ച് രാജ്യസഭാ അംഗമാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് കുറേക്കാലമായി പി.ടി ഉഷയും തെളിയിക്കുകയാണെന്നായിരുന്നു എളമരം കരീം പരോക്ഷമായി പറഞ്ഞത്.
Comments