ലണ്ടൻ: ബാറ്റിംഗിലെ കോട്ടം ബൗളിംഗിൽ തീർത്ത് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം ടി20യിൽ 49 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ രവീന്ദ്രജഡേജയുടെ മികവിൽ നേടിയ 8ന് 170 എന്ന സ്‌കോറിനെതിരെ ഇംഗ്ലണ്ട് 121 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരെയടക്കം പുറത്താക്കിയ ഭുവനേശ്വർ കുമാറാണ് ഇംഗ്ലണ്ടിനെ തകർത്തത്.
171 റൺസ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ജാസൺ റോയ് ആദ്യ പന്തിൽ തന്നെ ഭുവനേശ്വറിന് മുന്നിൽ വീണു. മൂന്നാം ഓവറിൽ നായകൻ ജോസ് ബട്‌ലറും(4) പുറത്തായി. ഡേവിഡ് മലാൻ(19), ലിയാം ലിവിംഗ്‌സ്റ്റൺ(15) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പും വിഫലമായി. മലാനെ ചാഹലും ലിവിംഗ്സ്റ്റണിനെ ബുംമ്രയും പുറത്താക്കി.
മദ്ധ്യനിരയിൽ മൊയീൻ അലി 35 റൺസുമായും ദേവിഡ് വില്ലി 33 റൺസുമായും പൊരുതി യെങ്കിലും അലിയെ ഹാർദ്ദിക് പാണ്ഡ്യ വീഴ്‌ത്തി. രാപി ബ്രൂക്ക്(8), സാം കരൻ(2) ക്രിസ് ജോർദ്ദാൻ(1) റിച്ചാർഡ് ഗ്ലീസൺ(2) എന്നിവരും പുറത്തായി. അവസാന വിക്കറ്റ് മാറ്റ് പാർക്കിൻസണിനെ ഹർഷൽ പട്ടേൽ പൂജ്യത്തിന് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 121 റൺസിന് അവസാനിച്ചു.
ഇന്ത്യയ്‌ക്കായി ഭുവനേശ്വർ കുമാർ 3 വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ബൂംമ്രയും ചാഹലും ഈരണ്ട് വിക്കറ്റുകൾ നേടി. ഹാർദ്ദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റ് നേടി.
















Comments