ലക്‌നൗ : മെട്രോ സ്റ്റേഷനിൽ ജന്മദിനാഘോഷം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. ഇന്ത്യയിലെ യൂട്യൂബറായ കാൻപൂർ സ്വദേശി ഗൗരവ് തനേജയെയാണ് അറസ്റ്റിലായത്. നോയിഡ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നോയിഡ സെക്ടർ 51 മെട്രോ സ്റ്റേഷനിലാണ് സംഭവം.
ജന്മദിനം ആഘോഷിക്കാൻ മെട്രോ സ്റ്റേഷനിൽ എത്തണമെന്ന് ആരാധകരോട് ആഹ്വാനം ചെയ്ത് കൊണ്ട് ഇയാൾ സമൂഹമാദ്ധ്യമത്തിൽ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് ആളുകൾ മെട്രോ സ്റ്റേഷനിൽ തടിച്ച് കൂടുകയായിരുന്നു. ആൾക്കൂട്ടം വർദ്ധിച്ചതോടെ മെട്രോ സ്റ്റേഷൻ ഭാഗത്ത് വൻ ട്രാഫിക്ക് കുരുക്കും ഉണ്ടായി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കെൽക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇയാൾ പിറന്നാൾ ആഘോഷങ്ങൾക്കായി മെട്രോ കോച്ച് ബുക്ക് ചെയ്തിരുന്നതായി പോലീസ് പറയുന്നു.ഇത്തരം പരിപാടികൾക്കായി ഒരു ട്രെയിനിൽ നാല് കോച്ചുകൾ വരെ ബുക്ക് ചെയ്യാൻ നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ അനുമതി നൽകുന്നുണ്ട്. ഇതിനെ തുടർന്നാണ് യൂട്യൂബർ കൊച്ചുകൾ ബുക്ക് ചെയ്തത്.
വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾ കണക്കിലെടുത്ത് നോയിഡയിൽ ഏർപ്പെടുത്തിയ നിരോധന ഉത്തരവുകൾ ലംഘിച്ചതിനാണ് തനേജയെ ആദ്യം കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ എഫ്ഐആറും ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 188, 341 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments