തിരുവനന്തപുരം: തിരുവനന്തപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ഹോംസ്‌റ്റേ
കത്തിച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നീക്കം. പെട്രോളൊഴിച്ചാണ് തീകത്തിച്ചത് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ചില കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിയെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
അതേസമയം പോലീസ് തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. ‘ തത്വമസി.. അത് നീ തന്നെയാകുന്നു’ എന്ന കുറിപ്പോടെ സന്ദീപാനന്ദഗിരിയുടെ ചിത്രവും പങ്കുവച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്.
2018 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഹോംസ്‌റ്റേക്ക് തീപിടിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ള സിപിഎം നേതാക്കൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികളെ എത്രയും വേഗം പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഹോംസ്‌റ്റേയിലെ സിസിടിവി പ്രവർത്തിക്കാത്തത് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ ദുരൂഹത ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന ആരോപണവും ശക്തമാണ്.
Comments