അമർനാഥ് : അഞ്ച് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം അമർനാഥ് തീരത്ഥയാത്ര തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാണെങ്കിൽ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം ബേസ് ക്യാമ്പിൽ നിന്നും ഒരു സംഘം യാത്രികർ പുറപ്പെടും.
ഗുഹക്ഷേത്രമായ അമർനാഥിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് നിരവധി ആളുകളെയാണ് വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാണാതായത്. കൊടുതിയിൽ 16 പേർ മരിച്ചു. 40 ഓളം പേരെ കാണാതായി. 100 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സഞ്ചാരപാതയിൽ കുടുങ്ങിയ 15,00 ത്തിലധികം തീർത്ഥാടകരെ പഞ്ജതർണി ലോവർ ബേസ് ക്യാമ്പിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്ന ആശങ്കയിൽ തിരച്ചിലുകൾ തുടരുകയാണ്.
തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് മുൻപ് 6,300 ത്തോളം വരുന്ന തീർത്ഥാടകർ യാത്ര പുറപ്പെട്ടിരുന്നു. ഇതിൽ 4,864 പുരുഷന്മാരും 1,284 സ്ത്രീകളും 56 കുട്ടികളും 127 സാധുമാരും 19 സാധ്വികളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. ഇവർ യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്‌ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്. സൈന്യം, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, സിആർപിഎഫ് തുടങ്ങിയ സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹൽഗാമിലെ നുൻവാൻ, മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബൽതാൽ ക്യാമ്പ് എന്നീ ബേസ് ്യാമ്പുകളിൽ നിന്നാണ് തീർത്ഥാടനം ആരംഭിച്ചത്. ജൂൺ 30 ന് ആരംഭിച്ച യാത്ര രക്ഷാ ബന്ധൻദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് അവസാനിക്കും.
Comments