ദുബായ്: പോലീസ് സ്‌റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാനുള്ള സൗകര്യവുമായി ഷാർജ്ജ. ഷാർജ പൊലീസ് ‘സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്‌സ് എന്ന സംവിധാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താമെന്നതാണ് ഏറെ പ്രയോജനകരമായ സംവിധാനമായി മാറിയിരിക്കുന്നത്. ഇതിനൊപ്പം കുടുംബ വഴക്ക് കണ്ടുപിടിക്കാൻ ആധുനിക സംവിധാനവും ഒരുക്കിയതായും ഷാർജാ പോലീസ് അറിയിച്ചു.
ക്രിമിനൽ കേസുകളും ട്രാഫിക് സംബന്ധമായ കേസുകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ വിവധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്നതാണ് ഗുണം. പരാതിക്കാരുടെ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്‌മെൻറ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു .
സാമൂഹിക സേവനവും സുരക്ഷയും വർധിപ്പിക്കുന്നതിന്റെയും വിദേശികൾക്കുള്ള സേവനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കിയി രിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിദേശികളുമായി ബന്ധപ്പെട്ട കേസുകളിലും ഇടപാടുകളിലും സമയവും അധ്വാനവും ലാഭിക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസുകളിലും ട്രാഫിക് സംബന്ധമായ പരാതികളിലും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും വേഗം പരിഹാരം കാണാനും കഴിയും.
കേസന്വേഷണത്തിൽ കുറ്റാരോപിതരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ‘റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ’ സംവിധാനവും ഷാർജ പൊലീസ് ഏർപ്പെടുത്തി. കൂടുതലായും കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇതിന്റെ സേവനം പ്രയോജനപ്പെടു ത്താനാകുമെന്ന് അധികൃതർ അറിയിച്ചു.








Comments