ലക്നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപകാരികൾക്ക് പണം നൽകിയാണ് കല്ലേറുൾപ്പെടെയുള്ള അക്രമസംഭവങ്ങൾ സംഘടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. കല്ലെറിഞ്ഞ ഓരോരുത്തർക്കും 500 മുതൽ ആയിരം രൂപ വരെ ലഭിച്ചുവെന്നും പെട്രോൾ ബോംബ് പ്രയോഗിച്ചവർക്ക് 5,000 രൂപ നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജൂൺ മൂന്നിന് നടന്ന ആക്രമണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. വിവിധയിടങ്ങളിൽ തീവെക്കാൻ നിർദേശം ലഭിച്ച കലാപകാരികൾക്ക് സൗജന്യ നിയമസഹായം ഉറപ്പുനൽകിയിരുന്നതായും ആക്രമണത്തിന് മുമ്പ് ഒമ്പത് ദിവസത്തോളം തീവെപ്പിന് പരിശീലനം നൽകിയിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചക പരാമർശത്തിന്റെ പേരിലായിരുന്നു കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ അക്രമകാരികൾ ശ്രമിച്ചത്. തുടർന്ന് അക്രമാസക്തമായ നിരവധി സംഘർഷങ്ങൾക്ക് കാൺപൂർ സാക്ഷിയായി. അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സെയ്ഫുള്ള, മുഹമ്മദ് നസീം, മുഹമ്മദ് ഉമർ എന്നിവരെ ജൂൺ 9ന് കാൺപൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















Comments