തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. കൊല്ലം, മഞ്ചേരി എന്നീ സർക്കാർ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 2022-23 അദ്ധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി 14 അദ്ധ്യാപക തസ്തികകളും 22 അനദ്ധ്യാപക തസ്തികകളും സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
കേരള കലാമണ്ഡലം കലാ സാംസ്‌കാരിക കൽപ്പിത സർവ്വകലാശാലയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ പരിഷ്‌കരിക്കാൻ തീരുമാനമായി.
ഐ.എം.ജി.യിലെ നോൺ അക്കാദമിക് സ്റ്റാഫുകളുടെ 11-ാം ശമ്പള പരിഷ്‌കരണം അംഗീകരിച്ചു.
സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ 2011-12 മുതൽ 2014-15 വരെയുള്ള കാലയളവിൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അദ്ധ്യാപകർക്കും/അനദ്ധ്യാപകർക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നൽകും.
ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ ജിആർഇഎഫ്, ബിആർഒ എന്നിവയിൽ നിന്നും വിരമിച്ചവർ/അവരുടെ ഭാര്യ/വിധവ എന്നിവരുടെ താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കും.
ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നീ കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങളിലെ വിരമിച്ച ഭടന്മാർ/ വിരമിച്ച ഭടന്മാരുടെ ഭാര്യ/വിധവ എന്നിവർക്ക് താമസത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളെയും വസ്തു നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കി.
സംസ്ഥാനത്തെ 313 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രാഥമിക ജലപരിശോധനാ ലാബുകൾ സ്ഥാപിക്കൽ, പാലക്കാട് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവ് റഗുലേറ്ററിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ, വാണിയം കുളം മണ്ണന്നൂരിൽ ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള ചെക്ക് ഡാമിന്റെ അടിയന്തിര പുനരുദ്ധാരണവും വലതുതീരത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച പദ്ധതി നിർദ്ദേശങ്ങൾ എന്നിവ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
















Comments