മുംബൈ: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിനിയായ യുവതിയും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി. ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയില്‍ വിവാഹിതരാണോ എന്ന ചോദ്യത്തിന് യുവതി ‘അതെ’ എന്നും ബിനോയ് ‘അല്ല’ എന്നുമാണ് മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല.
ഇതോടെ കൃത്യമായ മറുപടി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്നലെ ഇത് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനാലാണ് ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നാണ് സൂചന. കേസ് ഒത്തുതീര്‍ന്നുവെന്ന് കാണിച്ച് ഇരുകൂട്ടരും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുന്നുവെന്നാണ് അപേക്ഷയിലുള്ളത്. എന്നാല്‍ ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ബിനോയ് കോടിയേരിയാണ് കുട്ടിയുടെ അച്ഛനെന്ന് കാണിച്ച് ബിഹാര്‍ സ്വദേശിനിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടിരുന്നു. ആ സമയത്താണ് ഡിഎന്‍എ പരിശോധന നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യം കോടതി തന്നെ മുന്നോട്ട് വയ്‌ക്കുന്നത്. അതിന്മേലാണ് ഡിഎന്‍എ പരിശോധന അടക്കം നടത്തിയത്. പരിശോധനാഫലം ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ബോംബെ ഹൈക്കോടതി രജിസ്ട്രാറുടെ പക്കലുണ്ട്. സീല്‍ ചെയ്ത കവറിലാണ് ഇതുള്ളത്. ഇതു തുറന്ന് പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ മന്ദഗതിയിലായിരുന്നു. ഇതിനിടയിലാണ് കേസ് ഒത്തു തീര്‍പ്പാക്കുന്നു എന്ന് കാണിച്ച് ബിനോയിയും യുവതിയും കോടതിയെ സമീപിച്ചത്.
Comments