മുംബൈ: വിരാട് കോഹ്‌ലി ഏത് ഫോർമാറ്റിലാണ് നന്നായി കളിക്കുക എന്ന് സ്വയം തീരുമാനിക്കേണ്ട അവസ്ഥയാണെന്ന് സൂചിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായി സൗരവ് ഗാംഗുലിയും ആശിഷ് നെഹ്‌റയും. ഇതിനിടെ വിരാട് കോഹ്‌ലിയുടെ ഇടക്കാലത്തെ ഫോമില്ലായ്മ വെച്ച് മാത്രം താരത്തെ വിലയിരുത്തരുതെന്ന് ആർ.അശ്വിൻ പറഞ്ഞു.
വെസ്റ്റിൻഡീസിനെതിരെ ടീം ഇന്ത്യ നടത്താനിരിക്കുന്ന പരമ്പരയിലെ ഏകദിനത്തിലും ടി20യിലും വിരാടിനെ ടീമിലെടുത്തിട്ടില്ല. ഇതുമൂലം ഒരു മാസത്തോളം പൂർണ്ണമായും വിരാടിന് വിശ്രമം ലഭിക്കുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. എന്നാൽ ഫോമിലേയ്‌ക്ക് തിരികെ എത്താൻ പരിശ്രമിക്കേണ്ടത് താരത്തിന്റെ സ്വന്തം പരിശ്രമം കൊണ്ടുതന്നെയാകണമെന്ന ഗാംഗുലിയുടെ അഭിപ്രായത്തിൽ ഉടൻ മെച്ചപ്പെടണമെന്ന സൂചനയാണ് നിഴലിക്കുന്നത്.
‘വിരാടിന് ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. എങ്ങനെയാണ് തന്റെ നിലവാരം മെട്ടപ്പെടുത്തേണ്ടതെന്ന് ഇത്രയധികം അന്താരാഷ്‌ട്ര മത്സരം കളിച്ച വിരാടിന് സ്വയം അറിയാവുന്നതുമാണ്. ഇത്തരം അവസ്ഥ സച്ചിനും രാഹുലിനും തനിക്കും സംഭവിച്ചിട്ടുണ്ട്. അത് മറികടക്കണം. വിരാടിന് സാധിക്കും. കഴിഞ്ഞ 12-13 വർഷമായി ഇന്ത്യയ്‌ക്കായി ലോകോത്തര പ്രകടനം നടത്തുന്ന താരമാണ്. സ്വന്തം പരിശ്രമത്താൽ മാത്രമേ മികച്ച ഫോമിലേയ്‌ക്ക് തിരികെ എത്താനാകൂ.’ ഗാംഗുലി പറഞ്ഞു.
അതേസമയം വിരാടിന്റെ ക്ഷമതയുടെ അടുത്തുപോലുമില്ലാത്തവരാണ് വിമർശിക്കുന്നതെന്നും താരത്തിന് വിശ്രമം നൽകിയാൽ മത്സരത്തിൽ തിരികെ എത്താനാകുമെന്നുമാണ് ആശിശ് നെഹ്‌റ പറയുന്നത്. ഇതിന് മുമ്പ് ഇന്ത്യയ്‌ക്കായി നടത്തിയ അതിശയകരമായ മത്സരവീര്യമാണ് താരത്തിന് കൂടുതൽ അവസരം നൽകാൻ കാരണമെന്ന് എല്ലാവരും തിരിച്ചറിയണമെന്നും നെഹ്‌റ പറഞ്ഞു.
കഴിഞ്ഞ രണ്ടു രണ്ടര വർഷത്തിനിടെ വിരാട് ഒരു സെഞ്ച്വറി അടിച്ചില്ലെന്നത് നേരാണ്. എന്നാൽ ഇന്നും വിരാടിനെ പോലെ ഒരു ഷോട്ട് കളിക്കാൻ സാധിക്കുന്ന താരങ്ങൾ വിരളമാണെന്ന് മറക്കരുതെന്നും താരം മടങ്ങിവരുമെന്നും ആർ. അശ്വിൻ പറഞ്ഞു.
















Comments