ഇന്ന് ലോക പാമ്പ് ദിനം. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, അവബോധം വളർത്തുകാനും, ഭൂമിയിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ജൂലൈ 16 പാമ്പ് ദിനമായി ആചരിക്കുന്നത്.
ഇഴജന്തുക്കളിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് പാമ്പ്. ഏറ്റവും നീളമേറിയതും കണ്ടാൽ പേടിതോന്നിക്കുന്നതുമായ പാമ്പുകൾക്കെല്ലാം വിഷമുണ്ടാകുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ ഇത് തെറ്റാണ്. പാമ്പുകളിൽ തന്നെ വിഷമുള്ളവയും വിഷം ഇല്ലാത്തവയുമുണ്ട്. ലോകത്തിലെ 80% പാമ്പുകളും വിഷമില്ലാത്തവയാണ്. ആകെ 10% മാത്രമേ വിഷമുള്ളവയുള്ളൂ. ചില പാമ്പുകളുടെ വിഷം ചികിത്സയ്‌ക്കായും ഉപയോഗിക്കുന്നുണ്ട്. 3500 ഇനത്തിൽ പെട്ട പാമ്പുകൾ ലോകത്താകെ ഉണ്ടെന്നാണ് കണക്കുകൂട്ടൽ.
കേരളത്തിൽ 106 ഇനം പാമ്പുകളുണ്ട്. ഇതിൽ പത്ത് ഇനങ്ങൾക്ക് മാത്രമേ വിഷമുളളൂ. മനുഷ്യൻ പാമ്പിനെ പേടിക്കുന്നതിനേക്കാൾ കൂടുതൽ പാമ്പുകൾ മനുഷ്യനെ പേടിക്കുന്നുണ്ടെന്നത് പലർക്കും അറിയില്ല.
1972ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പാമ്പുകളെ വളർത്താനോ പിടിക്കാനോ പാടില്ല.
വനത്തിന് പുറത്തു വച്ച് പാമ്പു കടിയേൽക്കുന്നവർക്കും മരിച്ചവരുടെ ആശ്രിതർക്കും വനം വകുപ്പ് നഷ്ടപരിഹാരം നൽകും. പാമ്പ് കടിയേറ്റാൽ ആവശ്യമായ ചികിത്സക്ക് 75,000 രൂപ വരെ സഹായം വനംവകുപ്പിൽ നിന്ന് ലഭിക്കും. പാമ്പ് കടിയേറ്റത് വഴി സ്ഥിരം അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പുകളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന ആപ്പുകളും ഇപ്പോൾ ലഭ്യമാണ്.
Comments