രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കർക്കിടകം ഒന്ന്. തുഞ്ചന്റെ കിളിമകൾ ചൊല്ലും കഥകൾക്കായി മലയാളികൾ ഇന്ന് മുതൽ കാതോർക്കും. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് കർക്കിടക മാസാരംഭം.
തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. രാമായണമാസം കൂടിയാണ് കർക്കിടകം. കർക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേൾവിയിൽ സുകൃതമേകാൻ രാമകഥകൾ പെയ്യുന്ന കർക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്‌ക്ക് നിറദീപങ്ങൾ തെളിയിച്ച് രാമായണ പാരായണം തുടരും. രാമായണം വായിച്ച് തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ രാഗ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം. ഇനിയുള്ള നാളുകൾ അതിനുള്ളതാകട്ടെ, ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം ജീവിതത്തെ ധന്യമാക്കട്ടെ..
















Comments