മണിരത്‍നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ വിവാദത്തിൽ. മണിരത്‍നത്തിനെതിരെയും നടൻ വിക്രമനെതിരെയുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സെൽവം എന്ന അഭിഭാഷകനാണ് പരാതി നൽകിയിരിക്കുന്നത്. ചോള രാജക്കാന്മാരെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഇയാളുടെ വാദം.
ചോള രാജാവായിരുന്ന ആദിത്യ കരികാലനെയാണ് വിക്രം സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വിക്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടതോടെയാണ് ആരോപണവുമായി ഇയാൾ രംഗത്ത് വന്നത്. പോസ്റ്ററിൽ വിക്രം തിലകക്കുറി ചാർത്തിയതാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്. ചോള രാജാവ് ആദിത്യ കരികാലൻ തിലകക്കുറി ചാർത്തുകില്ലെന്നും ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാരെ കുറിച്ച് തെറ്റായ പരിവേഷമാണ് സമൂഹത്തിൽ നൽകുന്നതെന്നുമാണ് പരാതിക്കാരന്റെ വാദം.
സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് തിയറ്റർ റിലീസിന് മുമ്പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം, നോട്ടീസിനോട് മണിരത്നമോ വിക്രമോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ ഇറക്കിയിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചത്.
Comments