മുംബൈ : ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തിരുത്തിയെഴുതി വേദാന്ത് മാധവൻ. നടനും സംവിധായകനുമായ മാധവന്റെ മകനാണ് വേദാന്ത്. 48ാമത് ജൂനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് 1 ൽ ആൺകുട്ടികളുടെ 1500 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനത്തിലാണ് വേദാന്തിന്റെ റെക്കോർഡ് നേട്ടം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ബിജു പട്നായിക് നീന്തൽക്കുളത്തിലാണ് മത്സരം നടന്നത്.
മികച്ച വേഗത്തിൽ മുന്നേറിയ വേദാന്ത് 16:01.73 സെക്കൻഡിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്. ഇതോടെ തന്റെ നാട്ടുകാരൻ കൂടിയായ അദ്വൈത് പേജ് 2017 ൽ നേടിയ 16:06.43 സെക്കൻഡ്‌സ് എന്ന റെക്കോർഡ് വേദാന്ത് തിരുത്തി. 16:21:98 സെക്കൻഡിൽ ഫിനിഷ് ചെയ്ത കർണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷിനാണ് രണ്ടാം സ്ഥാനം. 16:34:06 സെക്കൻഡിൽ ഫിനിഷിംഗ് പോയിന്റിലെത്തിയ ബംഗാളിന്റെ ശുഭോജീത് ഗുപ്ത വെങ്കലം നേടി.
ഐഎസ്ആർഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രം വിജയക്കുതിപ്പിലാണ്. നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്നുകാണിക്കുന്ന ചിത്രത്തിന് ലോകമെമ്പാടമുള്ളവരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ ആഘോഷത്തിന് ഇരട്ടി മധുരം പകർന്നുകൊണ്ടാണ് മകൻ റെക്കോർഡ് തിരുത്തി സ്വർണം നേടിയിരിക്കുന്നത്.
















Comments