പാലക്കാട് : അട്ടപ്പാടി മധു കേസിൽ വീണ്ടും ഒരു സാക്ഷി കൂടി കൂറുമാറി . പന്ത്രണ്ടാം സാക്ഷിയായ വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നും മുമ്പ് രഹസ്യമൊഴി നൽകിയത് പോലീസിന്റെ നിർബന്ധപ്രകാരമാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു രാജേഷ് എം.മേനോനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്.
നേരത്തെ 10 ഉം 11 ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസിന്റെ ഇത്തരത്തിലോരു നീക്കം.
2018 ലാണ് കേസിനാസ്പദമായ സംഭവം. ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു.
















Comments