ന്യൂഡൽഹി : രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്‌സും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ മുൻകരുതൽ നടപടികൾ കർശനമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടർമാർ നടത്തിയ കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കർശന ആരോഗ്യ പരിശോധനയ്‌ക്ക് വിധേയരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
യാത്രക്കാരിലൂടെ രാജ്യത്ത് മങ്കി പോക്സ് രോഗം വ്യാപിക്കുന്നത് തടയുന്നതിന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ കർശന ആരോഗ്യ പരിശോധനയ്‌ക്ക് വിധേയരാക്കാനാണ് നിർദ്ദേശം. ഇതിന് പുറമെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശം മന്ത്രാലയം നൽകിയിട്ടുണ്ട്.
സംസ്ഥാന ഭരണകൂടങ്ങളും ഇമിഗ്രേഷൻ, വിമാനത്താവളം, തുറമുഖം എന്നീ വിഭാഗങ്ങളും തമ്മിൽ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അതേസമയം കണ്ണൂരിൽ മങ്കിപോക്‌സ് ബാധിച്ച് ചികിത്സയിൽ ഉള്ള ആൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കം ഉണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. സമ്പർക്കത്തിൽ ഉള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന കാര്യവും നിരീക്ഷിച്ച് വരികയാണ് .രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോള്ജ് സൂപ്രണ്ട് കെ സുദീബ് പറഞ്ഞു.
Comments