വിജയവാഡ ; സമൂഹത്തിന്റെ ചങ്ങലക്കെട്ടുകൾ കൊണ്ട് സ്ത്രീകളെ ഇനിയും ബന്ധിക്കാനാകില്ലെന്ന് തെളിയിക്കുകയാണ് ആന്ധ്ര സ്വദേശിനിയായ കനൂരി സേശു മാധവി. അനാഥരായവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചും അന്ത്യ കർമ്മങ്ങൾ ചെയ്തുമാണ് മാധവി നാട്ടുകാർക്ക് ഉൾപ്പെടെ പ്രചോദനമായത്. നാല് മൃതദേഹങ്ങളാണ് സാമൂഹിക പ്രവർത്തക കൂടിയായ മാധവി സംസ്‌കരിച്ചത്.
ഗണ്ണവാരം വെൽഡിപാട് എന്നീ സ്ഥലങ്ങളിൽ വൃദ്ധസദന കേന്ദ്രങ്ങൾ നടത്തിവരികയാണ് മാധവി. ഇവരുടെ മക്കളായ സുനീതയും അശോകും ബി ടെക് വിദ്യാർത്ഥികളാണ്. കൊറോണ മഹാമാരിയുടെ പ്രാരംഭ കാലത്ത് പോലീസും മറ്റ് പ്രവർത്തകരും തന്റെ അടുത്തേക്ക് കൊണ്ടുവന്ന അനാഥരായ നിരവധി സ്ത്രീകൾക്ക് ഇവർ അഭയം നൽകിയിട്ടുണ്ട്. ജാതിമതഭേദമന്യേ മാധവി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒന്നല്ല അവർ ചെയ്യുന്നത് എന്ന് ചൈനാവുട്ടുപള്ളിയിൽ നിന്നുള്ള വിരമിച്ച എഞ്ചിനീയർ വല്ലഭനേനി പ്രസാദ് റാവു പറയുന്നു. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾ തകർത്ത മാധവിയുടെ സേവനങ്ങൾ മാതൃകാപരമാണ്. ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കാതെ വൃദ്ധരായ ജനങ്ങളെ നോക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. അവർ മരണപ്പെടുമ്പോൾ അന്ത്യ കർമ്മങ്ങൾ പോലും മാധവി തന്നെയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കൊറോണയുടെ ആദ്യ തരംഗത്തിനിടെ മാധവിയുടെ വൃദ്ധസദനത്തിലുണ്ടായിരുന്ന 60 വയസ്സായ സ്ത്രീ കൊറോണ ബാധിച്ച് മരിച്ചു. എന്നാൽ ഭയം കാരണം ഇവരുടെ സംസ്‌കാരം നടത്താൻ ആരും തയ്യാറായില്ല. തുടർന്നാണ് മാധവി ഇത് ഏറ്റെടുത്ത് നടത്തിയത്. ജീവനക്കാരിയായ വുതുകുറി ലക്ഷ്മി, റീജിയണൽ മെഡിക്കൽ പ്രാക്ടീഷണർ വി വിനയ് എന്നിവരുടെ സഹായത്തോടെ അവർ അന്ത്യകർമ്മങ്ങൾ നടത്തി. മാധവി ഒറ്റയ്‌ക്കാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. ആരുടെയും സഹകരണമില്ലാതെ അവരത് ഒറ്റയ്‌ക്ക് ചെയ്യുന്നത് കണ്ട് താൻ അമ്പരന്ന് പോയിട്ടുണ്ടെന്ന് റാവു പറഞ്ഞു.
സമാനമായ മറ്റൊരു സംഭവവും ഉണ്ടായി. കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിനിയായ മങ്കമ്മയെ കൊറോണ ചികിത്സയ്‌ക്ക് ശേഷം പോലീസ് മാധവിയുടെ വൃദ്ധസദന കേന്ദ്രത്തിൽ എത്തിച്ചിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പനി ബാധിച്ച് അവർ മരിച്ചു. തുടർന്ന് മാധവി ഇക്കാര്യം പോലീസിൽ അറിയിക്കുകയും മങ്കമ്മയുടെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു.
കുട്ടിക്കാലത്തും വിവാഹശേഷവും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനിടയിലും പ്രായമായവരെ സഹായിക്കാനും വൃദ്ധസദനം നടത്താനും അതിയായ ആഗ്രഹമായിരുന്നുവെന്നും മാധവി പറയുന്നു.
















Comments