കൊച്ചി: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ലാൽ. കൊറോണ സമയത്ത് സാമ്പത്തിക പ്രശ്‌നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി അത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ റമ്മി ഇത്രയും വലിയ പ്രശ്‌നങ്ങൾക്കും ആത്മഹത്യകൾക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യത്തിൽ അഭിനയിക്കാനായി സമീപിച്ചപ്പോൾ തിരിച്ചും മറിച്ചും കുറേ ആലോചിച്ചെന്നും ഗവൺമെന്റ് അനുമതിയോട് കൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണെന്നും ഇനി അത്തരം പരസ്യങ്ങളിൽ തല വെയ്‌ക്കില്ലെന്നും ലാൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ കെബി ഗണേഷ് കുമാർ രൂക്ഷ വിമർശനമുയർത്തിയിരുന്നു. രാജ്യ ദ്രോഹ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരൻമാരോട് അതിൽ നിന്ന് പിൻമാറാൻ സർക്കാർ അഭ്യർത്ഥിക്കണമെന്ന് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.സാംസ്‌കാരിക മന്ത്രി വിഎൻ വാസവനോടാണ് എംഎഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതിന് മറുപടിയായി നിയമം മൂലം നിരോധിക്കാവുന്നതല്ല ഓൺലൈൻ റമ്മികളെന്നും താരങ്ങളോടും സാംസ്‌കാരിക നായകരോടും ഒരു അഭ്യർത്ഥന വേണെമെങ്കിൽ എല്ലാവർക്കും നടത്താമെന്നും മന്ത്രി പറഞ്ഞിരുന്നു.
















Comments