ന്യൂഡൽഹി: പറക്കുന്നതിനിടെ ഗോ ഫസ്റ്റ് വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ. ഇതേ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്ക് പോയ വിമാനമാണ് വിൻഡ്ഷീൽഡ് തകർന്നതിനെ തുടർന്ന് വഴി തിരിച്ചുവിട്ടത്.
ഡൽഹിയിൽ നിന്നും പറന്നുയർന്ന ശേഷം പാതിവഴിയിലായിരുന്നു വിൻഡ് ഷീൽഡ് തകർന്നത്. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടം. ഇതോടെ വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നാമത്ത ഗോ ഫസ്റ്റ് വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം എൻജിൻ തകരാറിനെ തുടർന്ന് രണ്ട് വിമാനങ്ങളാണ് അടിയന്തിരമായി താഴെയിറക്കിയത്. മുംബൈയിൽ നിന്നും ലേയിലേക്കുള്ള വിമാനവും, ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനവുമായിരുന്നു എൻജിൻ തകരാറിനെ തുടർന്ന് താഴെയിറക്കിയത്.
വിമാനത്തിന് സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ഏകദേശം 30 ഓളം സംഭവങ്ങൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ഡിജിസിഎ പറയുന്നത്. ഇതേ തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യേണ്ടിവരുന്നുണ്ട്. സാങ്കേതിക തകരാർ, കാലാവസ്ഥ, പക്ഷികൾ എന്നിവയാണ് ഇത്തരത്തിൽ പ്രതികൂല സാഹചര്യം ഒരുക്കുന്നതെന്നും ഡിജിസിഎ അഭിപ്രായപ്പെട്ടു.
Comments