തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ; ലോകാരോഗ്യ സംഘടന

Published by
Janam Web Desk

ന്യൂഡൽഹി: തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ അന്താരാഷ്‌ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ, അഭയം തേടുന്നവർ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 2020-ലെ അന്താരാഷ്‌ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് അഭയം നൽകുന്നതിൽ മുന്നിൽ. ഇന്ത്യയിൽ ജനസംഖ്യയുടെ 0.4 ശതമാനം കുടിയേറ്റക്കാരാണ്.ഏകദേശം 4,878,704 പേരോളം വരുമിത്. ഇതിൽ 4.2 ശതമാനം അഭയാർത്ഥികളാണ്.
ആഗോള തലത്തിൽ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വീകർത്താവ് അമേരിക്കയാണ്, 2020-ലെ കണക്ക് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ 18 ശതമാനം (51 ദശലക്ഷം) അമേരിക്കയിലാണ്.

മ്യാൻമറിൽ നിന്ന് തായ്ലൻഡിലേക്കും നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും മാലിദ്വീപിലേക്കുമാണ് പ്രധാനമായും കുടിയേറ്റം നടക്കുന്നത്. മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഏറ്റവും വലിയ അഭയാർത്ഥി സംഘം. ഒരു ദശലക്ഷത്തോളം പേരാണ് ബംഗ്ലാദേശിൽ അഭയാർത്ഥികളായി കഴിയുന്നത്.

തായ്ലൻഡ്-മ്യാൻമർ അതിർത്തിയിൽ മ്യാൻമറിൽ നിന്നുള്ള അഭയാർഥികളുടെ ചെറിയ ഗ്രൂപ്പുകളും ഇന്ത്യയിലെ ശ്രീലങ്കക്കാരും നേപ്പാളിൽ ഭൂട്ടാൻ സ്വദേശികളും അഭയാർത്ഥികളായി കഴിയുന്നു. ഇന്തോനേഷ്യയിലെ അഭയാർഥികൾ ഓസ്ട്രേലിയയിലേക്ക് അഭയം തേടി പോകാൻ തയ്യാറെടുക്കുകയാണ്.
ഇത്തരത്തിലുള്ള അനുഭവങ്ങൾ വ്യക്തിയുടെ ആരോഗ്യത്തിലും ക്ഷേമത്തിലും സുപ്രധാന ഘടകമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.169 ദശലക്ഷം ആളുകളിൽ ആരോഗ്യ പ്രശ്‌നങ്ങൾ വേട്ടയാടുന്നു. വൃത്തിഹീനവും അപകടകരവുമായ ജോലികളിൽ ഏർപ്പെടുന്നത് തൊഴിൽ സംബന്ധമായ അപകടങ്ങൾക്ക് കാരണമാകുന്നു.

Share
Leave a Comment